വിമാന ടിക്കറ്റ് വർദ്ധിച്ചു: നാട്ടിലേക്കു പോകാൻ സാധിക്കാതെ പ്രവാസി മലയാളി കുടുംബങ്ങൾ

  • 27/06/2022



അബുദാബി:∙ വർധിച്ച വിമാന ടിക്കറ്റ് നിരക്ക് മൂലം നാട്ടിലേക്കു പോകാൻ സാധിക്കാതെ പ്രവാസി മലയാളി കുടുംബങ്ങൾക്ക് തിരിച്ചടിയായി. യുഎഇയിൽ സ്കൂൾ അടയ്ക്കാൻ ഇനി 3 ദിവസം ബാക്കിനിൽക്കെയാണു നിരക്ക് കുത്തനെ കൂട്ടിയത്. കൂടിയ നിരക്ക് നൽകിയാൽ പോലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല.

ചില വിമാനങ്ങളിൽ പരിമിത സീറ്റുകൾ ഒഴിവുണ്ടെങ്കിലും വൺവേക്ക് 42608-63912 രൂപ വരെയാണ് (2000–3000 ദിർഹം) നിരക്ക്. മറ്റു സെക്ടറുകൾ വഴി കണക്‌ഷൻ വിമാനങ്ങളിൽ നാട്ടിൽ പോയി വരണമെങ്കിൽ നാലംഗ കുടുംബത്തിനു കുറഞ്ഞതു മൂന്നരലക്ഷം  രൂപയെങ്കിലുമാകും.

ഓരോ എയർലൈനുകളിലും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടൂം. ‌ജൂലൈ 2നു ദുബായിൽ നിന്നു കൊച്ചിയിലേക്കു പോയി സ്കൂൾ തുറക്കുന്നതിനു തൊട്ടു മുൻപ് ഓഗസ്റ്റ് 28ന് തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് ഇൻഡിഗോയിൽ 2.5 ലക്ഷം രൂപ വേണം. നേരിട്ടുള്ള വിമാനമില്ല, പോകുമ്പോൾ അഹമ്മദാബാദ് വഴിയും വരുമ്പോൾ മുംബൈ വഴിയുമാണു യാത്ര.

അബുദാബിയിൽ നിന്നു പുതുതായി കൊച്ചിയിലേക്കു സർവീസ് ആരംഭിച്ച ഗൊ ഫസ്റ്റിൽ 3.39 ലക്ഷം രൂപയാണു നിരക്ക്. മുംബൈ വഴി കണക്‌ഷൻ വിമാനത്തിലേ സീറ്റുള്ളൂ. പുതുതായി 2 എയർലൈനുകൾ കൂടി സർവീസ് ആരംഭിച്ചിട്ടും ടിക്കറ്റ് നിരക്കിൽ കുറവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. യാത്ര എയർ ഇന്ത്യ എക്സ്പ്രസിലാണെങ്കിൽ 3.35 ലക്ഷം രൂപയാണ് നിരക്ക്. ഇതേ വിമാനത്തിൽ പോയി എയർ ഇന്ത്യയിൽ തിരിച്ചുവരാൻ  3.37 ലക്ഷം രൂപയും ഇൻഡിഗൊയിലാണെങ്കിൽ 3.45 ലക്ഷവും നൽകണം.

സ്പൈസ് ജെറ്റിൽ പോയി വരാൻ 3.5 ലക്ഷത്തിലേറെ രൂപയും ഹാൻ എയറിൽ 3.7 ലക്ഷവും എയർ അറേബ്യയിൽ 3.8 ലക്ഷം രൂപയും ഇക്കോണമി ക്ലാസ് ടിക്കറ്റിനു നൽകണം. എമിറേറ്റ്സ് എയർലൈനിൽ 4.7 ലക്ഷം രൂപയാണ് കുറഞ്ഞ നിരക്ക്. ബിസിനസ് ക്ലാസ് ടിക്കറ്റാണെങ്കിൽ ഇരട്ടിയിലേറെയാകും.

മാസങ്ങൾക്കു മുൻപു ബുക്ക് ചെയ്തവർക്കു മാത്രമേ കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാകൂ. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷത്തെ അവധിക്കു നാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങൾ ഏറെയാണ്. ജൂലൈ 14 വരെ കേരളത്തിലേക്ക് ഏതാണ്ട് ഇതേ നിരക്കാണ്.

Related News