വേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ സർവീസുകളുടെ എണ്ണം വർധിപ്പിച്ച് വിമാനകമ്പനികൾ

  • 01/07/2022



ദുബായ് : വേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളും സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ ദുബായിൽനിന്ന് ഡൽഹിവരെയുള്ള സെക്ടറിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതായി വ്യാഴാഴ്ച അറിയിച്ചു. 

ഈ രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ 18 ബോയിങ് 787-8 ഡ്രീംലൈനറുകളും ഒരു എയർബസും അധികമായി ബുധനാഴ്ച മതുൽ സർവീസ് നടത്തുന്നതായി എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഗൾഫ്, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവയുടെ റീജണൽ മാനേജർ പി.പി.സിങ് പറഞ്ഞു. ആദ്യദിനം ദുബായിൽനിന്ന് 246 യാത്രക്കാരാണ് ഡൽഹിയിലേക്ക് പറന്നത്. 

തിരക്കേറിയതോടെ വ്യാഴാഴ്ച അധികവിമാനത്തിൽ സീറ്റും ലഭ്യമായിരുന്നില്ല. ഒരു വശത്തേക്ക് മാത്രമായി 1130 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് നിരക്ക് 2030 ദിർഹമാണ്. അധികവിമാനത്തിലുള്ള ബുക്കിങ് അടുത്ത ഒക്ടോബർ വരെ ലഭ്യമായിരിക്കും.

രാജ്യത്തെ ഒട്ടുമിക്ക സ്കൂളുകളിലും വെള്ളിയാഴ്ച മുതൽ വേനലവധി ആരംഭിച്ചുകഴിഞ്ഞു. യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കാണ് ഇക്കാലയളവിൽ യാത്രക്കാർ അധികമുള്ളത്. ജൂലായ് പകുതിവരെ വിമാനയാത്രാനിരക്കും ആറിരട്ടിയാണ്. മിക്ക വിമാനങ്ങളിലും സീറ്റും കിട്ടാനില്ല.

അതേസമയം, യാത്രാത്തിരക്ക് മുൻകൂട്ടി കണ്ട് വിമാനക്കമ്പനികൾ ഒട്ടേറെ സർവീസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിൽനിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് എടുക്കുന്നവർക്ക് ബുർജ് ഖലീഫയിൽ പ്രവേശിക്കാൻ സൗജന്യ ടിക്കറ്റ് ഉൾപ്പെടെ ഒട്ടേറെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തടസ്സങ്ങളിലാത്ത യാത്രാനുഭവം സാധ്യമാക്കുന്നതിനും ഇത്തിഹാദ് എയർലൈൻസ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനയാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കാനുള്ള ഓഫ് എയപോർട്ട് ചെക്ക് ഇൻ സർവീസും അബുദാബിയിൽ അടുത്തമാസം പകുതിയോടെ പ്രാബല്യത്തിലാകും.

Related News