യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറി

  • 11/07/2022



ഷാർജ: ഇന്ധനവില കുതിച്ചുയർന്നതോടെ യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ആവശ്യക്കാരേറി. 50 ശതമാനത്തിലധികം യു.എ.ഇ. നിവാസികളും ഇ-വാഹനങ്ങളിലേക്ക് മാറുന്നതായി ഓഡി അബുദാബി നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ധനവില ക്രമാതീതമായി വർധിച്ചതോടെയാണ് വാഹനങ്ങളുടെ മൈലേജ് കുറഞ്ഞത്. 

അതോടെ സാധാരണക്കാരടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ആഗോളവിപണിയിലും എണ്ണവില വർധിച്ചതോടെയാണ് യു.എ.ഇ. യിലും ആനുപാതികമായി വർധനവ് ഉണ്ടായത്. ഈമാസം എണ്ണവില 16 ശതമാനത്തിലധികം വർധിച്ചതോടെ യു.എ.ഇ. യിൽ വലിയ വാഹനങ്ങളിൽനിന്നും ആളുകൾ ചെറു വാഹനങ്ങളിലേക്ക് മാറാൻ തുടങ്ങി. മൈലേജ് കൂടുതൽ കിട്ടുമെന്നതിനാലാണ് ചെറിയ വാഹനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.

സാധാരണ എൻജിൻ വാഹനങ്ങളെക്കാൾ 60 ശതമാനം ചെലവുകുറയുന്നതാണ് ഇ-വാഹനങ്ങളോട് ഉപഭോക്താക്കൾക്ക് പ്രിയംതോന്നാൻ കാരണമായതെന്നും പ്രത്യേകതയാണ്. ഇന്ത്യയിലും ഇ- വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന് പൊതുമേഖലാസ്ഥാപനമായ കൺവെർജെൻസ് എനർജി സർവീസസ് ലിമിറ്റഡ് (സി.ഇ.എസ്.എൽ.) അതത് സംസ്ഥാനസർക്കാരുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഇ- വാഹനങ്ങൾക്ക് നികുതി ആദ്യത്തെ അഞ്ചുവർഷം സൗജന്യമാക്കിയും മറ്റും ഉപഭോക്താക്കൾക്ക് സൗകര്യം ചെയ്തുകൊടുക്കാനാണ് സർക്കാർ തീരുമാനം. യു.എ.ഇ. യിലും തുടക്കത്തിൽ അത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇ-വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്നതോടെ ചെലവും അന്തരീക്ഷമാലിന്യവും കുറയും. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ബസ്, കാർ തുടങ്ങിയവയെല്ലാം ഇ-വാഹനങ്ങളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്. ഒരുതവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം ഓടുന്ന ഇ-വാഹനങ്ങളും അധികം താമസിയാതെ വിപണിയിലെത്തും.

Related News