ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് യുഎഇ

  • 12/07/2022

അബുദാബി:∙ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകൾ കൂടിയെന്നും ഇലക്ട്രോണിക് ഇടപാടുകൾ കരുതലോടെ വേണമെന്നും ഓർമിപ്പിച്ചു.

ഡിജിറ്റൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ സൈബർ പൾസ് പദ്ധതി വിശദീകരിക്കുകയായിരുന്നു കൗൺസിൽ. ഓരോരുത്തരുടെയും ദൗർബല്യം നേരത്തെ മനസിലാക്കിയാകും സൈബർ ക്രിമിനലുകൾ ഇവ പ്രയോഗിക്കുക.

ഓൺലൈനിൽ തട്ടിപ്പുകാരുടെയും ക്രിമിനലുകളുടെയും സാന്നിധ്യമുണ്ടാകുമെന്ന് മനസ്സിലാക്കി വേണം ഇടപാടുകൾ നടത്താൻ. അതുകൊണ്ടുതന്നെ അജ്ഞാത സന്ദേശങ്ങളോ അവയോടൊപ്പമുള്ള ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കരുതെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റിയും വ്യക്തമാക്കുന്നു. 

കെണിയിൽ വീഴാതിരിക്കാൻ...

∙ വ്യാജസമ്മാനം  വാഗ്ദാനം ചെയ്ത് ഇമെയിൽ, എസ്എംഎസ് വഴി എത്തുന്ന സുരക്ഷിതമല്ലാത്ത ലിങ്കുകളിലും വെബ്സൈറ്റുകളിലും പ്രവേശിക്കരുത്. 

∙ ഇത്തരം ലിങ്കുകളിൽ വ്യക്തിഗത, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളോ ഫോൺ നമ്പറോ നൽകരുത്. 

∙ ബാങ്കുകളുടെയും കമ്പനികളുടെയും മറ്റും പേരിലുള്ള വ്യാജ ഓഫറുകൾ, തൊഴിലവസരങ്ങൾ, കോടികൾ വാഗ്ദാനം ചെയ്യുന്ന ലോട്ടറികൾ, പണം ഇരട്ടിപ്പിക്കൽ തുടങ്ങിയവയിൽ പ്രലോഭിതരാകരുത്. 

∙ ആന്റിവൈറസ് പ്രോഗ്രാം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്ത് കംപ്യൂട്ടർ, സ്മാർട് ഫോൺ എന്നിവയുടെ സുരക്ഷ ശക്തമാക്കണം. 

∙ ഫോൺ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണം. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യരുത്. 

∙ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുക. അറിഞ്ഞോ അറിയാതെയോ ഡൗൺലോഡ് ചെയ്യുന്ന പ്രോഗ്രാമുകൾ ക്യാമറ പോലും നിയന്ത്രിക്കാൻ കഴിവുള്ളവയാണെന്നു മനസിലാക്കുക.

∙ചതിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിലും ബാങ്കിലും  വിവരം അറിയിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യണം.

കരുതൽ പാളിയാൽ...

∙ ഓൺലൈനിലെ ഓരോ നീക്കങ്ങളും കരുതലോടെ വേണം. വ്യാജ സന്ദേശങ്ങളോടു പ്രതികരിച്ചാൽ ഹാക്കർമാർ കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുത്ത് രഹസ്യവിവരങ്ങൾ കൈക്കലാക്കും. അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാനും ബ്ലാക് മെയിൽ ചെയ്യാനുമെല്ലാം ഇവ ഉപയോഗപ്പെടുത്തും.

പരാതിപ്പെടാൻ

∙ അബുദാബി പൊലീസ് ടോൾ ഫ്രീ 800 2626, എസ്.എം.എസ് 2828.

∙ ദുബായ് പൊലീസ് ഇക്രൈം പ്ലാറ്റ്ഫോം, അൽഅമീൻ സർവീസ് 800 4888, വിദേശത്തുനിന്നുള്ള പരാതികൾ 9718004888, എസ്.എം.എസ് 4444, മൈ സെയ്ഫ് സൊസൈറ്റി സ്മാർട് ആപ്.

∙ ഷാർജ പൊതു നമ്പർ 999, നജീദ് സർവീസ് 800 151, എസ്.എംഎസ് 7999.

Related News