റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ്

  • 19/07/2022



ദുബായ്:∙ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് റിഫൈനറികൾ ഈ രീതിയിൽ പണമിടപാട് നടത്തിയത്.

ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ യുഎഇ ദിർഹത്തിൽ റഷ്യക്കു പണം കൈമാറുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളിൽ ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ പണം  കൈമാറുന്നത് നിരുൽസാഹപ്പെടുത്തുകയാണ് റഷ്യ.

സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നടത്താൻ ഒരുക്കമാണെന്ന് കഴിഞ്ഞ മാസം റഷ്യൻ ധനമന്ത്രി പറഞ്ഞിരുന്നു. ഇതുവഴി റഷ്യയുടെ റൂബിളിന്റെ വിനിമയ നിരക്ക് ഉയർത്താനും ഡോളർ, യൂറോ എന്നിവയെ പിടിച്ചു കെട്ടാനുമാണ് ലക്ഷ്യമിടുന്നത്.മോസ്കോയിലെ കറൻസി എക്സ്ചേഞ്ചുകൾ ദിർഹത്തിലും ഉസ്ബക് സമ്മിലും വിനിമയം നടത്താനുള്ള ഒരുക്കം തുടങ്ങി.

അതേസമയം, രൂപയിൽ ഇടപാട് നടത്താനുള്ള ഒരുക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ ഇറാനുമായും റഷ്യയുമായും രൂപയിൽ വിനിമയം നടത്താനുള്ള ശ്രമമാണ് ഇന്ത്യ ആരംഭിച്ചത്. ഡോളറിനു പകരം ദിർഹം ഉപയോഗിച്ചു തുടങ്ങിയതോടെ, രൂപയിലും വിനിമയം നടക്കാനുള്ള സാധ്യത തെളിഞ്ഞതായാണ് വിലയിരുത്തുന്നത്. 

Related News