ബഹിരാകാശ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്താൻ യുഎഇ

  • 23/07/2022




ദുബായ്:∙ ഉപഗ്രഹ-റോക്കറ്റ് ഘടകങ്ങൾ സ്വന്തമായി നിർമിച്ചു ബഹിരാകാശ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്താൻ യുഎഇ തയാറെടുക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി യുഎഇ ഉപഗ്രഹങ്ങളിൽ സ്വദേശി ഘടകങ്ങൾ കൂടുതലായി  ഉപയോഗിക്കും. സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപന ചെയ്തു നിർമിക്കുന്ന എംബിസെഡ്-സാറ്റ് വിവിധോദ്ദേശ്യ ഉപഗ്രഹത്തിന്റെ പല പ്രധാന ഘടകങ്ങളും യുഎഇ സ്വന്തമായി നിർമിക്കും. അടുത്തവർഷമാണ് വിക്ഷേപണം.

ഇതിനായി യുഎഇ കമ്പനിയായ സ്ട്രാറ്റ മാനുഫാക്ചറിങ്ങും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും (എംബിആർഎസ് സി)  കരാർ ഒപ്പുവച്ചു. 3ഡി സാങ്കേതികവിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയുള്ള ഉപഗ്രഹ ഘടക നിർമാണത്തിൽ 200ൽ ഏറെ സ്വദേശി ശാസ്ത്രജ്ഞരും എൻജിനീയർമാരും പങ്കാളികളാണ്. ഉപഗ്രഹ-റോക്കറ്റ് ഘടകങ്ങൾ സ്വന്തമായി വികസിപ്പിക്കുക, വിദേശ രാജ്യങ്ങളുടെയടക്കം ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കുക,  ബഹിരാകാശ സാങ്കേതിക വിദ്യകളുടെ രാജ്യാന്തര ആസ്ഥാനമാക്കുക തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തിക മുന്നേറ്റം കൂടിയാണ് ലക്ഷ്യമിടുന്നത്.

വിവിധ പദ്ധതികളിലൂടെ 9 വർഷത്തിനകം 30,000 കോടിയിലേറെ ദിർഹത്തിന്റെ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ചെറുപേടക നിർമാണം, റോബട്ടിക് മൈനിങ്, വിക്ഷേപണ വാഹനങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഉറപ്പാക്കും. അൽ അമൽ ചൊവ്വ ദൗത്യം, ഉപഗ്രഹ വിക്ഷേപണങ്ങൾ എന്നിവ വിജയിച്ചതിന് പിന്നാലെ നവംബറിൽ ചന്ദ്രദൗത്യത്തിനും രാജ്യം ഒരുങ്ങുകയാണ്.

ഛിന്നഗ്രഹങ്ങളെയും ശുക്രനെയും അടുത്തറിയുകയാണ് അടുത്ത ലക്ഷ്യം. ബഹിരാകാശ രംഗത്തെ കുതിപ്പിനെ തുടർന്ന് പല രാജ്യങ്ങളും യുഎഇയുടെ സഹായം തേടിയിട്ടുണ്ട്. എംബിസെഡ് സാറ്റിന്റെ മെക്കാനിക്കൽ ഘടകങ്ങളടക്കം സ്ട്രാറ്റ നിർമിക്കുന്നുണ്ടെന്ന് എംബിആർഎസ് സി ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. 

Related News