യുഎഇ ആണവോർജ പദ്ധതിയുടെ നാലാമത്തെ യൂണിറ്റിൻ്റെ സുരക്ഷാ പരിശോധനകൾ വിജയം

  • 23/07/2022



അബുദാബി: യുഎഇ ആണവോർജ പദ്ധതിയുടെ നാലാമത്തെ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ വിജയം. കടുത്ത ചൂടിലും സുരക്ഷ പൂർണമായും ഉറപ്പുവരുത്തി മികച്ചരീതിയിൽ പ്രവർത്തിക്കുമെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അറിയിച്ചു.

ഓരോ ഘടകവും പ്രത്യേകമായും യൂണിറ്റ് മൊത്തമായും പ്രവർത്തിപ്പിച്ചാണ് വിലയിരുത്തിയത്. പ്രതികൂല സാഹചര്യങ്ങളിൽ പോലും അപകടരഹിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളാണുള്ളത്. ബറാകയിലെ 4 പ്ലാന്റുകളിൽ മൂന്നാമത്തേതിനും കഴിഞ്ഞമാസം ലൈസൻസ് ലഭിച്ചു. ഒന്നും രണ്ടും യൂണിറ്റുകളിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം നടക്കുന്നുണ്ട്.

ഒന്നാം യൂണിറ്റിന് 2020 ഫെബ്രുവരിയിലും രണ്ടാം യൂണിറ്റിന് കഴിഞ്ഞവർഷം മാർച്ചിലുമാണ് പ്രവർത്തനാനുമതി നൽകിയത്. ഭൂചലന  സാധ്യതയില്ലാത്ത മേഖലയിലാണ്  പ്ലാന്റ് സ്ഥാപിച്ചത്. കടലിനോടു ചേർന്നായതിനാൽ ശീതീകരണ  സംവിധാനങ്ങൾക്കും മറ്റും  എപ്പോഴും  വെള്ളം  ലഭ്യമാകും.

സുരക്ഷയും കാര്യക്ഷമതയും കൂട്ടാൻ പ്രഷറൈസ്ഡ് വാട്ടർ റിയാക്ടർ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. എപിആർ 1400 ഗണത്തിൽപ്പെട്ട നിലയമാണിത്. യുഎസിലെ ന്യൂക്ലിയർ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ച മോഡലിന്റെ പരിഷ്‌കൃത പതിപ്പ്.

Related News