എമിറേറ്റുകളിൽ ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിൽ

  • 28/07/2022




ദുബായ്: യുഎഇയിൽ വേനൽ കത്തിപ്പടരുന്നതിനിടെ വിവിധ എമിറേറ്റുകളിൽ ഇടിയോടെയുണ്ടായ ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചില വീടുകളിലും വെള്ളം കയറി. 

ഖോർഫക്കാനിൽ റോഡുകൾ മുങ്ങിയത് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളിൽ പാർക്കിങ്ങിലെ വെള്ളക്കെട്ടിൽ ചെറുവാഹനങ്ങൾ മുങ്ങി. ദുബായ് ജബൽഅലി, ഷാർജ ദെയ്ദ്, ഉമ്മുൽഖുവൈൻ ഫല്ലാജ് അൽ മുഅല്ല എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. പല മേഖലകളിലും വൈകിട്ടും ചെറിയ തോതിൽ മഴ തുടരുകയാണ്. 

ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ ചൊവ്വ മുതൽ മഴ ശക്തമാണ്.  രാജ്യത്തു പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. കാറ്റിനും മഴയ്ക്കും ഇന്നും സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഷാർജ, റാസൽഖൈമ, അൽഐൻ മേഖലകളിൽ ചൊവ്വാഴ്ചയും മഴയുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ തുടങ്ങിയ മഴ ഇടയ്ക്കിടെ ശക്തമാകുകയായിരുന്നു. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് കൂടിയതോടെ വാദികളും കുത്തിയൊഴുകുകയാണ്. 

Related News