യുഎഇയിൽ വടക്കൻ മേഖലകളിൽ പ്രളയ പ്രതീതി

  • 29/07/2022


ദുബായ്: വേനൽച്ചൂടിന് ആശ്വസമേകി ആർത്തിരമ്പിയെത്തിയ മഴയുടെ മട്ടുമാറിയതോടെ വടക്കൻ മേഖലകളിൽ പ്രളയ പ്രതീതി. ഇന്നലെ മഴ കുറവായിരുന്നെങ്കിലും താഴ്ന്ന മേഖലകൾ ഇപ്പോഴും വെള്ളത്തിലാണ്. പലയിടങ്ങളിലും ഇന്നലെ പുലർച്ചെയും ശക്തമായ മഴ പെയ്തു. രാത്രിയും തുടരാനിടയുള്ളതിനാൽ അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകി. പല സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.

വെള്ളമിറങ്ങാത്തതിനാൽ മുറികളിൽ തന്നെ കഴിയുകയാണെന്നു താമസക്കാർ പറഞ്ഞു. അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. സൈന്യം, പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ  നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിൽ സന്നദ്ധസംഘടനകളും പങ്കെടുക്കുന്നു.

വെള്ളം കയറിയ വീടുകളിൽ നിന്നു താമസക്കാർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കും ഹോട്ടലുകളിലേക്കും മാറി. ചില ഹോട്ടലുകാർ സൗജന്യമായി ഭക്ഷണം നൽകി. വാദികൾ, മലനിരകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാദി അൽ ബയ്ഹ്, വാദി ഗലീല ഡാം എന്നിവ നിറഞ്ഞൊഴുകുന്നതിനാൽ സമീപ മേഖലകൾ പൂർണമായും വെള്ളത്തിലായി. 

Related News