യുഎയിലെ കനത്തമഴയിൽ 7 ഏഷ്യക്കാർ മരിച്ചതായി റിപ്പോർട്ട്

  • 30/07/2022



ദുബായ്:∙ വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ 7 ഏഷ്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്നോ മറ്റു വിവരങ്ങളോ അറിവായിട്ടില്ല. കൂടുതൽ പേരെ കാണാതായിട്ടുണ്ടോയെന്നും വ്യക്തമല്ല.

പ്രളയബാധിത മേഖലകളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ സൈന്യവും ദ്രുതകർമസേനയും പരിശോധനകൾ ഊർജിതമാക്കി. പർവതമേഖലകൾ, വാദികൾ എന്നിവിടങ്ങളിൽ ഹെലികോപ്റ്ററുകളും നിരീക്ഷണം നടത്തുന്നുണ്ട്. റാസൽഖൈമ പൊലീസ് മോർച്ചറിയിൽ രാത്രി വൈകിയും ഒരു മൃതദേഹവും എത്തിയിട്ടില്ല.

ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിൽ നിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു ഫെഡറൽ സെൻട്രൽ ഒാപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി അറിയിച്ചു. വലിയതോതിൽ നാശനഷ്ടമുണ്ടായ ഫുജൈറയിലെ പല മേഖലകളിലും വെള്ളം താഴ്ന്നിട്ടില്ല.

വില്ലകളിലെയും മറ്റും താമസക്കാരിൽ പലർക്കും ഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാനോ ആർക്കെങ്കിലും അപകടം സംഭവിച്ചോയെന്നറിയാനും കഴിയാത്ത സാഹചര്യമാണെന്ന് ഇവർ പറയുന്നു.

Related News