യുഎഇയില്‍ വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

  • 31/07/2022



ഫുജൈറ: യുഎഇയില്‍ കഴിഞ്ഞയാഴ്‍ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് വാഹനങ്ങളിലാണ് വെള്ളം കയറിയത്. ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിവരവെ വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് വാഹന ഉടമകളായ പ്രവാസികള്‍. പലരും വാഹനങ്ങള്‍ കെട്ടിവലിച്ച് ഗ്യാരേജുകളിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികളെക്കുറിച്ച് പലര്‍ക്കും വലിയ ധാരണകളില്ല.

വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നയിക്കുമെന്നുമാണ് സാങ്കേതിക വിദഗ്ധര്‍ വാഹന ഉടമകള്‍ക്ക് നല്‍കുന്ന ഉപദേശം. വാഹനത്തിന്റെ ബോണറ്റ് തുടര്‍ന്നുവെച്ച് പരമാവധി വെള്ളം ഒഴിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

പലരുടെയും കാറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുകയും ഏതാണ്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്‍തവയാണ്. തുറസായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്‍തിരുന്നവയും കെട്ടിടങ്ങളുടെയും മറ്റും പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധിച്ച നടപടികളെക്കുറിച്ചും പലര്‍ക്കും ധാരണയില്ല. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടില്ലാത്തത് കൂടിയാണ് ഇതിന് പ്രധാന കാരണം.

പല സ്ഥലങ്ങളിലും ഇപ്പോഴും വെള്ളം കെട്ടി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനം പരിശോധിക്കാനും എന്തൊക്കെയാണ് തകരാറുകളെന്ന് കണ്ടെത്താനും സാധിക്കുന്നില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹനങ്ങള്‍ റിപ്പയറുകള്‍ക്കായി എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ഗ്യാരേജ് ഉടമകള്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. 

Related News