'ദുബായ് കാൻ' പദ്ധതി കൂടുതൽ മേഖലകളിലേക്ക്

  • 05/08/2022



ദുബായ്: പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതു സ്റ്റേഷനുകളിൽ നിന്നു കുടിവെള്ളം സൗജന്യമായി നിറയ്ക്കാനും സൗകര്യമൊരുക്കുന്ന 'ദുബായ് കാൻ' പദ്ധതി കൂടുതൽ മേഖലകളിലേക്ക്. വർഷാവസാനത്തോടെ 50 പുതിയ പൊതു സ്റ്റേഷനുകൾ സജ്ജമാക്കും.

ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 90 ആകും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെബ്രുവരിയിൽ തുടക്കമിട്ട 'ദുബായ് കാനിന്' വൻ സ്വീകാര്യതയാണു ലഭിച്ചത്. ഇതുവഴി 500 മില്ലിയുടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികളാണ് ഒഴിവാക്കിയത്. ഹോട്ടലുകൾ, മാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങിയവ ഇതുമായി സഹകരിക്കുന്നു.

പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിക്കുക, വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കുക, ജീവനക്കാർക്ക് നിലവാരമുള്ള വെള്ളക്കുപ്പികൾ വിതരണം ചെയ്യുക തുടങ്ങിയ സുസ്ഥിരതാ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് യുഎഇ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ദുബായിൽ കഴിഞ്ഞ മാസം ഒന്നുമുതൽ കടകളിൽ നിന്നു പ്ലാസ്റ്റിക് കവർ കിട്ടാൻ 25 ഫിൽസ് നൽകണം.

റീട്ടെയ്ൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ,  റസ്റ്ററന്റുകൾ, ഫാർമസികൾ എന്നിവയ്ക്കു പുറമേ ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും നിയന്ത്രണമുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം പൂർണനിരോധനം ഏർപ്പെടുത്തും.  അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു.

Related News