ലഹരിമരുന്നു കേസുകളിൽ നടപടികൾ കൂടുതൽ ശക്തമാക്കി യുഎഇ

  • 05/08/2022




ദുബായ്: ലഹരിമരുന്നു കേസുകളിൽ നടപടികൾ കൂടുതൽ ശക്തമാക്കി യുഎഇ. കുറഞ്ഞത് 50,000 ദിർഹം (10.8 ലക്ഷത്തിലേറെ രൂപ) പിഴയും തടവുമാണ് ശിക്ഷ. കേസിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും കൂടും.

ലഹരിമരുന്ന് ഇടപാടുകൾക്ക് പണം നിക്ഷേപിക്കുക, പണം  സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാൻ ശ്രമിക്കുക, മറ്റുവിധത്തിൽ നേട്ടമുണ്ടാക്കുക തുടങ്ങിയവ അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

ഓൺലൈനിൽ ലഹരിമരുന്നുകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെയും നടപടി  ഊർജിതമാക്കി. ഈ വർഷം നൂറിലേറെ പേരെ പിടികൂടി. കൊച്ചുകുട്ടികൾക്കു പോലും സന്ദേശമയയ്ക്കുന്നത് വർധിച്ചതോടെ നിരീക്ഷണം ശക്തമാക്കി. ശബ്ദ സന്ദേശങ്ങൾ സഹിതം അയച്ച് സ്ഥലവും സമയം നിശ്ചയിച്ച് ആവശ്യക്കാർക്ക് ലഹരിമരുന്ന് കൈമാറുന്നതാണ് ഇവരുടെ രീതി.

സന്ദേശം അവഗണിക്കുകയോ നമ്പർ ബ്ലോക് ആക്കുകയോ ചെയ്യാതെ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. രാജ്യത്ത് ലഹരിമരുന്നിനെതിരായ ബോധവൽക്കരണം ഊർജിതമാക്കും. വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും സെമിനാറുകൾ നടത്തും. ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും.  

Related News