ടിക്കറ്റ് നിരക്കിൽ വീണ്ടും കുതിപ്പ്: പ്രവാസികൾ ദുരിതത്തിൽ

  • 08/08/2022

ദുബായ്: അവധി കഴിഞ്ഞു പ്രവാസികൾ കേരളത്തിൽ നിന്നു മടക്കയാത്രയ്ക്കു ബുക്കിങ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിൽ വീണ്ടും കുതിപ്പ്. ഈ മാസം 14 മുതൽ ടിക്കറ്റിനു പൊള്ളും വിലയാണ്. ഒരാൾക്ക് 1500 ദിർഹം (32250 രൂപ) വരെയാണ് നിരക്ക്. 20ാം തീയതിക്കു ശേഷം റേറ്റ് 2000 ദിർഹത്തിലെത്തും. 30, 31 തീയതികളിൽ ടിക്കറ്റ് നിരക്ക് 2000 ദിർഹത്തിനും മുകളിലാണ്.

സെപ്റ്റംബർ 30 വരെ ഈ വർധന നിലനിൽക്കും. അവധി തുടങ്ങിയപ്പോൾ 1000 – 2000 ദിർഹം മുടക്കിയാണ് പലരും നാട്ടിലെത്തിയത്. നിരക്ക് കുറയും എന്ന പ്രതീക്ഷയിൽ പലരും മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. അതേസമയം, കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇപ്പോൾ നിരക്ക് തീരെ കുറവാണ്. അവധിക്കു നാട്ടിൽ പോകുന്നവരുടെ തിരക്കു കുറഞ്ഞതോടെ ഇവിടെ നിന്നു കേരളത്തിലേക്കു 400 (8600 രൂപ) ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. കഴിഞ്ഞ മാസം ഇത് 2000 ദിർഹമായിരുന്നു. 

4 പേരടങ്ങുന്ന കുടുംബം അവധി കഴിഞ്ഞു മടങ്ങിവരുമ്പോൾ ടിക്കറ്റിനു മാത്രം ചെലവാകുന്നത് 8000 ദിർഹമാണ് (ഏകദേശം 1.6 ലക്ഷം രൂപ). ടിക്കറ്റ് നിരക്കിൽ 45 - 50 ശതമാനത്തിന്റെ വർധന. എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്കിൽ വർധനയുണ്ട്. ഓഗസ്റ്റ് അവസാന വാരം സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ മടങ്ങി വരുന്നത് നീട്ടി വയ്ക്കാനും കഴിയില്ല. നിലവിൽ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും സെപ്റ്റംബർ ആദ്യവാരം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിലും വർധനയുണ്ട്. ഓണത്തിനു നാട്ടിലേക്കു പോകുന്നവരുടെ തിരക്കാണ് നിരക്കാണ് ഇതിനുകാരണം. 

Related News