റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • 09/08/2022




ദുബായ്:∙ ഷെയ്ഖ് റാഷിദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബായ് അൽഐ റോഡുകളെയും ബന്ധിപ്പിക്കുന്ന റാഷിദ് ബിൻ സായിദ് ഇടനാഴി എന്നറിയപ്പെടുന്ന റാസൽ ഖോർ റോഡിന്റെ നിർമാണം 75% പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 8 കിലോമീറ്റർ ഇടനാഴി പൂർത്തിയാകുന്നതോടെ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 7 മിനിറ്റായി കുറയും.

റാസൽ ഖോർ റോഡിന് ഒരു മണിക്കൂർ 10,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷി ഉണ്ടാകും. മൂന്ന് ലെയ്ൻ ആയിരുന്ന റോഡ് 4 ലെയ്നായി ഉയർത്തി. ഇതിനു പുറമേ രണ്ടു ലെയ്നിൽ സർവീസ് റോഡുകളും ഉണ്ടാകും. രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങളുടെയും നിർമാണം പൂർത്തിയാകുന്നു. പാർപ്പിട സമുച്ചയ പദ്ധതികൾ ഉൾക്കൊള്ളുന്ന ദ് ലഗൂൺ, ദുബായ് ക്രീക്ക്, മേയ്ഡൻ ഹൊറൈസൺ, റാസ് ആൽ ഖോർ, അൽവാസൽ, നാദ് അൽ ഹാമർ എന്നിവിടങ്ങളിലെ 6.5ലക്ഷം താമസക്കാർ റോഡിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളായി മാറുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.

റാസ് അൽ ഖോർ റോഡുമായി ചേരുന്ന നാദ് അൽ ഹാമർ റോഡിന്റെ ശേഷിയും വികസന പദ്ധതിയുടെ ഭാഗമായി വർധിപ്പിക്കും. മണിക്കൂറിൽ 30,000 വാഹനങ്ങൾ കടന്നു പോകാൻ കഴിയും വിധം 2 ലെയ്ൻ പാലം ഉൾപ്പെടെയാണ് വികസനം നടത്തുന്നത്. റാഷിദ് ബിൻ സായിദ് ഇടനാഴിയുടെ വികസനം ആർടിഎയുടെ വമ്പൻ പദ്ധതികൾ ഒന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി റാഷിദ് ബിൻ സായിദ് ക്രോസിങ് എന്ന പേരിൽ ദുബായ് ക്രീക്കിനെയും ബർ ദുബായിലെ അൽ ജദ്ദാഫുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കും.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബായ് ഫെസ്റ്റിവൽ സിറ്റിയും ദുബായ് ക്രീക്ക് പ്രോജക്റ്റും കൈകോർക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ തെരുവായി ഇവിടം മാറും.  പദ്ധതിയുടെ തന്നെ ഭാഗമായ ദുബായ് ക്രീക്ക് – ദുബായ് ക്രീക്ക് ഹാർബർ 3 ലെയ്ൻ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. ഈ പാലം വഴി ദുബായ് – അൽഐൻ റോഡിൽ നിന്നും അൽ ഖായിൽ റോഡിൽ നിന്നുമുള്ള വാഹനങ്ങൾ ദൂബായ് ക്രീക്ക് ഹാർബറുമായി ബന്ധപ്പിക്കുന്നു. മണിക്കൂറിൽ 7500 വാഹനങ്ങളാണ് ഇതുവഴി ഇപ്പോൾ കടന്നു പോകുന്നത്.

പുതിയ റോഡും പാലവും ദൂബായ് ക്രീക്കിലെ വീടുകളെ സമീപ റോഡുകളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയായി മാറും. ദുബായ് ക്രീക്കിൽ നിന്ന് റാസ്ൽ അൽ ഖോറുമായി ബന്ധിപ്പിക്കുന്ന 640 മീറ്റർ നീളുമുള്ള പാലത്തിന്റെ നിർമാണം പൂരോഗമിക്കുകയാണെന്നും ആർടിഎ അറിയിച്ചു. 3100 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ പാലം.

വാഹനപ്പെരുപ്പം മൂലം ഗതാഗത കുരുക്ക് അനുഭവപ്പെട്ടുന്ന ഈ മേഖലയ്ക്കു പുതിയ റോഡും പാലവും തുറക്കുന്നതോടെ ഊർജവും ശ്വാസവും ലഭിക്കും. ദുബായിലെ പ്രധാന റോഡിലേതിനു സമാനമായി തടസ്സമില്ലാതെ ഗതാഗതം സാധ്യമാക്കാനും വിനോദ സഞ്ചാര മേഖലയ്ക്കു കുതിപ്പേകാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Related News