മഴയിലും വെള്ളപ്പൊക്കത്തിലും മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യുഎഇ

  • 09/08/2022



ഷാര്‍ജ: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി 50,000 ദിര്‍ഹം (10 ലക്ഷം രൂപ)ധനസഹായം പ്രഖ്യാപിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് മൂലം താല്‍ക്കാലിക താമസ സൗകര്യങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തുക നല്‍കാനാണ് നിര്‍ദ്ദേശം. 

65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 

അതേസമയം ഫുജൈറയില്‍ മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സര്‍വേ ആരംഭിച്ചു. 

സര്‍വേയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്ക് എടുക്കും. വീട്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിങ്ങനെ എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News