യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു

  • 12/08/2022



ഫുജൈറ: യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാ‍ഴ്ച ഫുജൈറയിലായിരുന്നു സംഭവം. തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയതായി ഫുജൈറ പൊലീസ് വ്യാഴാഴ്ച വൈകുന്നേരം അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പ്രവാസിയെ റോഡില്‍ എയര്‍ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാഷണല്‍ സെര്‍ച്ച് ആന്‍റ് റെസ്ക്യൂ സെന്‍ററുമായി ചേര്‍ന്നാണ് ഫുജൈറ പൊലീസ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. അല്‍ ബിത്നയിലെ അപകട സ്ഥലത്ത് റോഡില്‍ ഹെലികോപ്റ്റര്‍ ലാന്‍റ് ചെയ്തിരിക്കുന്നതിന്‍റെയും പരിക്കേറ്റ വ്യക്തിയെ സ്ട്രച്ചറില്‍ ഹെലികോപ്റ്ററിലേക്ക് കൊണ്ടുപോകുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ നാഷണല്‍ സെര്‍ച്ച് ആന്‍റ് റെസ്‍ക്യൂ സെന്‍റര്‍ പുറത്തുവിട്ടു. ഫുജൈറ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ കൊണ്ടുപോയത്.

അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വാഹനങ്ങളുടെ നീണ്ട നിര അപകട സ്ഥലത്തു നിന്നുള്ള ചിത്രങ്ങളില്‍ ദൃശ്യമായിരുന്നു. പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. ശൈഖ് മക്തൂം സ്‍ട്രീറ്റില്‍ അല്‍ ബിത്ന മുതല്‍ അല്‍ ഫര്‍ഫര്‍ റൌണ്ടഎബൌട്ട് വരെയുള്ള റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം പൊലീസ് തടയുകയും ചെയ്‍തു. ഉച്ചയ്‍ക്ക് ശേഷം 1.30ഓടെയാണ് പിന്നീട് റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കിയത്.

Related News