ഇത്തിഹാദ് റെയിൽപാത: 11 നഗരങ്ങളിലേക്ക് ചരക്കുനീക്കം ഇനി സുഗമം

  • 20/08/2022




ദുബായ്:∙ ഇത്തിഹാദ് റെയിൽപാതയിൽ കൂടുതൽ ഭാരം വഹിക്കാനുള്ള കരുത്തും നൂതന സംവിധാനങ്ങളുമുള്ള എൻജിനും വാഗണുകളും എത്തി. മരുഭൂമിയിലെ പരുക്കൻ കാലാവസ്ഥയ്ക്കു യോജിച്ച വാഗണുകളാണിവ. ഇതോടെ ചരക്കുനീക്കത്തിനുള്ള ട്രെയിനുകളുടെ എണ്ണം 45 ആകും.

വാഗണുകളുടെ എണ്ണം 1,000 ആയി ഉയർത്താനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.  ഡീസലിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന എൻജിനാണു പുതിയ ട്രെയിനുകളിലുണ്ടാവുക. കാർബൺ മലിനീകരണം കുറവും ഇന്ധനക്ഷമത കൂടുതലുമായിരിക്കും. മികച്ച ബ്രേക്കിങ് സംവിധാനമാണുള്ളത്. സൾഫർ, സിമന്റ്, ഇരുമ്പ് ഉൽപന്നങ്ങൾ, പാറ, വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ തുടങ്ങിയവ കൊണ്ടുപോകാനുള്ള സംവിധാനങ്ങൾ പുതിയ കോച്ചുകളിലുണ്ട്.

അബുദാബിയിലെ അൽ സിലയിൽ നിന്നു റുവൈസ്, മിർഫ, ദുബായ്, ഷാർജ, ദൈദ്, ഫുജൈറ വഴി കടന്നുപോകുന്ന 1,200 കിലോമീറ്റർ പാത രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നു. ഫുജൈറയിൽ നിന്ന് റാസൽഖൈമ, ഷാർജ, ദുബായ്, ജബൽഅലി, ഖാലിദ് തുറമുഖങ്ങൾ, കിസാഡ് മുസഫ വഴി ഗുവൈഫാത് വരെ 605 കിലോമീറ്ററാണുള്ളത്. ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലായി 145 കിലോമീറ്ററിലേറെയാണ് ട്രാക്ക്. 

Related News