പുതിയ ഫിറ്റ്നസ് മൊബൈല്‍ ആപ് പുറത്തിറക്കി 'യുവര്‍ ഫിറ്റ്നെസ് കോച്ച്'

  • 24/08/2022



ദുബൈ: ഓപ്ഷന്‍ 1 വേള്‍ഡിന്റെ മുന്‍നിര ഫിറ്റ് - ടെക് അനുബന്ധ സ്ഥാപനമായ യുവര്‍ ഫിറ്റ്നസ് കോച്ച്, തങ്ങളുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ 'യുവര്‍ ഫിറ്റ്നെസ് കോച്ച്' കഴിഞ്ഞ ദിവസം ദുബൈയില്‍ (വൈഎഫ്‍സി) പുറത്തിറക്കി. ഉപയോക്താക്കളുടെ ഫിറ്റ്നെസ് ആക്ടിവിറ്റി ട്രാക്ക് ചെയ്യാനും വിവിധ ജിമ്മുകളിലേക്കും ഫിറ്റ്നെസ് സ്റ്റുഡിയോകളിലേക്കുമുള്ള പ്രവേശനത്തിനും, ഗ്രൂപ്പ് ക്ലാസുകളിലേക്കുമുള്ള പ്രവേശനം നേടാനും, സര്‍ട്ടിഫൈഡ് ആയ പേഴ്‍സണല്‍ ട്രെയിനര്‍മാരെ ലഭിക്കാനും, വിദഗ്ധര്‍ രൂപകല്‍പന ചെയ്‍തതും ആപ്പ് വഴിയുള്ളതുമായ ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമുകള്‍ പിന്തുടരാനും, ആക്ടിവായിരിക്കുന്നതിന് സമ്മാനങ്ങള്‍ നേടാനുമൊക്കെ അവസരമൊരുക്കുന്ന സമഗ്രമായ ഫിറ്റ്നെസ് പ്ലാറ്റ്ഫോമാണിത്.

കഴിഞ്ഞ ദിവസം ദുബൈയിലെ ജുമൈറ ക്രീക്ക്സൈഡ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പരിപാടിയില്‍ ദുബൈ സ്‍പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹരീബ്, ദുബൈ സര്‍ക്കാറിന്റെ പ്രതിനിധികള്‍, വൈഎഫ്‍സി എക്സിക്യൂട്ടീവ് മാനേജ്‍മെന്റ്, ഫിറ്റ്നെസ് വിദഗ്ധര്‍, ഫിറ്റ്നെസ് രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

"ഫിറ്റ്നെസ് രംഗത്തെ ഓരോ മേഖലയെയും പരസ്‍പരം ബന്ധിപ്പിച്ചും അത്യാധുനികവും സമഗ്രവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചും ഫിറ്റ്നെസ് വ്യവസായത്തെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന്" വൈഎഫ്‍സി സ്ഥാപകനും സിഇഒയുമായ ജൊഹാന്‍ ഡുപ്ലെസിസ് പറഞ്ഞു.

"ആഗോള തലത്തില്‍ തന്നെ എല്ലാ ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയുള്ള ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ദുബൈയില്‍ തുടക്കം കുറിച്ച ഈ ഉദ്യമത്തില്‍ ഫിറ്റ്നെസും സാങ്കേതികവിദ്യയും മികച്ച രീതിയില്‍ ഒത്തുചേരുകയാണ്. 

ഫിറ്റ്നെസ് വ്യവസായത്തിലെ വിടവ് നികത്താനും അതുവഴി സമഗ്രമായ ആഗോള പ്ലാറ്റ്ഫോമിന് രൂപം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങളെ കുടുതല്‍ പ്രാപ്യമാക്കിയും ചെലവ് കുറച്ചും സമ്മാനങ്ങള്‍ ലഭിക്കുന്ന രീതിയിലും ജനങ്ങളിലേക്ക് എത്തിച്ച് സമൂഹത്തിലെ എല്ലാവരുടെയും സൗഖ്യം ഉറപ്പാക്കുകയാണെന്നും" ഡുപ്ലസിസ് കൂട്ടിച്ചേര്‍ത്തു.

Related News