കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി

  • 01/09/2022



അബുദാബി: മൂന്ന് ദിവസത്തെ ഔദ്യോഗിക യുഎഇ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ അബുദാബിയിലെത്തി. പതിനാലാമത് ഇന്ത്യ - യുഎഇ ജോയിന്റ് കമ്മീഷന്‍ യോഗത്തിലും, യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനുമായുള്ള മൂന്നാം ഇന്ത്യ - യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും അദ്ദേഹം പങ്കെടുക്കും.

ബുധനാഴ്ച അബുദാബിയിലെത്തിയ ഡോ. എസ് ജയ്ശങ്കറിനെ, യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയത്തിലെ ആക്ടിങ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്‍ദുല്ല മുഹമ്മദ് അല്‍ ബലൂകി സ്വീകരിച്ചു. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാനുമായി എസ്. ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അബുദാബിയിലെ ബാപ്‍സ് ഹിന്ദു ക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയും യുഎഇയും തമ്മില്‍ ഈ വര്‍ഷം നിരവധി ഉന്നതതല കൂടിക്കാഴ്ചകള്‍ നടന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നേരത്തെ ജൂണ്‍ 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി സന്ദര്‍ശിച്ചിരുന്നു. മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ നേരിട്ട് അനുശോചനം അറിയിച്ച പ്രധാനമന്ത്രി, യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Related News