ഉപയോഗം കഴിഞ്ഞ പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാം; വേറിട്ട ഉദ്യമവുമായി യൂണിയന്‍ കോപ്

  • 02/09/2022



ദുബൈ: പുതിയതും ഉപയോഗിച്ചതുമായ പുസ്‍തകങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് യൂണിയന്‍ കോപ് പ്രഖ്യാപിച്ച "മൈ ബുക്ക് ഈസ് യുവര്‍ ബുക്ക്" പദ്ധതിക്ക് മികച്ച സ്വീകരണം. ആദ്യ ഘട്ടത്തില്‍ വെറും ഒരാഴ്ച കൊണ്ട് 2243 പുസ്തകങ്ങളിലധികമാണ് ശേഖരിച്ചത്.

പുതിയ പുസ്‍തകങ്ങളും ഉപയോഗിച്ച പുസ്‍തകങ്ങളും ശേഖരിക്കാനായി ഈ വര്‍ഷം ഓഗസ്റ്റ് 25നാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. യൂണിയന്‍ കോപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാല് മാളുകളില്‍ ഇതിനായി പ്രത്യേക ഡൊണേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചിരുന്നു. അല്‍ ബര്‍ഷ മാള്‍, അല്‍ ബര്‍ഷ സൗത്ത് മാള്‍, അല്‍ വര്‍ഖ സിറ്റി മാള്‍, ഇത്തിഹാദ് മാള്‍ എന്നിവിടങ്ങളിലാണ് പുസ്‍തകങ്ങള്‍ ശേഖരിക്കാനുള്ള പുതിയ പദ്ധതിക്കായി ബോക്സുകള്‍ സ്ഥാപിച്ചത്. ഷോപ്പിങിനായി എത്തുന്നവരില്‍ നിന്നും മാളിലെ സന്ദര്‍ശകരില്‍ നിന്നും ഇതിന് മികച്ച പ്രതികരണം ലഭിച്ചു.

"പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ള യൂണിയന്‍ കോപിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ നീക്കമെന്നും" അദ്ദേഹം പറഞ്ഞു. "പുതിയ പുസ്‍തകങ്ങളും ഉപയോഗിച്ച പുസ്‍തകങ്ങളും ശേഖരിച്ച് അവ ജുമ അല്‍ മാജിദ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജ് വഴി, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളിലെ പുസ്‍തക പ്രേമികള്‍ക്കും വായനാപ്രമേകള്‍ക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്."

ആദ്യ ഘട്ടത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിവിധ വിഭാഗങ്ങളിലായി 2243ല്‍ അധികം തലക്കെട്ടുകളിലെ പുസ്‍കങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരമൊരു ആശയത്തിന്റെ മികവും വ്യതിരിക്തതയും ജനങ്ങളില്‍ നിന്നും ദുബൈ ജുമാ അല്‍ - മാജിദ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജില്‍ നിന്നും ലഭിച്ച സ്വീകാര്യതയുമാണ് പദ്ധതിയുടെ വിജയത്തിന് കാരണം. സെപ്റ്റംബര്‍ ഒന്‍പത് വരെ തുടരുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് പുസ്‍തകങ്ങള്‍ ശേഖരിക്കാവുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ എല്ലാവരെയും, വിശേഷിച്ച് പുതിയ തലമുറയിലുള്ളവരെ പുസ്‍തകങ്ങള്‍ വായിക്കാനും വായനയ്‍ക്ക് ശേഷം ആ പുസ്‍തകങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കി അവര്‍ക്കു കൂടി അതിന്റെ പ്രയോജനം ലഭ്യമാക്കാനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

Related News