യുഎഇയില്‍ നിന്ന് ചില തൊഴിലാളികളെ നാടുകടത്തുമെന്ന് വാര്‍ത്തകള്‍; പ്രതികരിച്ച് മന്ത്രാലയം

  • 11/09/2022




അബുദാബി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചില തൊഴിലാളികളെ യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ സഈദ് അല്‍ ഹെബ്‌സി പറഞ്ഞു.

മുമ്പും പ്രചരിച്ചിരുന്ന വ്യാജമെന്ന് തെളിഞ്ഞ അവകാശവാദങ്ങളുടെ ആവര്‍ത്തനം മാത്രമാണിത്. ഇംപാക്റ്റ് ഇന്റര്‍നാഷണല്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പോളിസികള്‍ 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ യുഎഇ നിഷേധിച്ചതാണെന്ന് അല്‍ ഹെസ്ബി പ്രസ്താവനയില്‍ പറഞ്ഞു. 

പരിമിതമായ എണ്ണം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപ്പിലാക്കിയത്. മുഴുവന്‍ തൊഴിലാളികളും നിയമപരമായ തൊഴില്‍ കരാറുകള്‍ക്ക് വിധേയരാണെന്നും അത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അല്‍ ഹെബ്‌സി വ്യക്തമാക്കി.

കരാറുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ബന്ധപ്പെട്ട കക്ഷികള്‍ പാലിക്കണം. തൊഴിലാളികളുമായുള്ള കരാറുകള്‍ റദ്ദാക്കുന്നത്, കരാറില്‍ പറഞ്ഞിരിക്കുന്ന ആവശ്യകതകള്‍ പ്രകാരമായിരിക്കണം. ഈ പ്രശ്‌നങ്ങള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

Related News