മാസ്കില്ല, കൈകഴുകൽ കുറഞ്ഞു; യുഎഇയിൽ ഇൻഫ്ലുവൻസ വ്യാപനമേറുന്നു

  • 19/10/2022



അബുദാബി:∙ ശൈത്യകാലം അടുത്തതോടെ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ–ഫ്ലൂ) കൂടുന്നു. കഴിഞ്ഞ 2 വർഷങ്ങളിൽ ശക്തമായ കോവിഡ് പ്രതിരോധം മൂലം ഫ്ലൂ കുറവായിരുന്നു. എന്നാൽ ഇത്തവണ പനി പടരുകയാണ്. മാസ്ക് ഒഴിവാക്കുകയും കൈകൾ ശുചീകരിക്കുന്നതും കുറ‍ഞ്ഞതോടെയാണ് ഫ്ലൂ വീണ്ടും പടരുന്നത്. 

പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗികൾ, ഗർഭിണികൾ, 65നു മുകളിലും 5ന് താഴെയും പ്രായമുള്ളവർ എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്. കടുത്ത പനി, ചുമ, ശരീര വേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ഛർദി  എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ക്ലിനിക്കുകളിലുമാണ് കൂടുതൽ രോഗികൾ എത്തുന്നത്.

പനിയുള്ളവർ മാസ്ക് ധരിക്കുന്നതും മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുന്നതും രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗമുള്ളവർ സ്കൂളിലേക്കോ മറ്റു തിരക്കേറിയ സ്ഥലങ്ങളിലേക്കോ പോകുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related News