ഖത്തര്‍ ലോകകപ്പ്: ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യു എ ഇ

  • 01/11/2022



അബുദാബി: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്കു മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യു എ ഇ. ഖത്തര്‍ നല്‍കുന്ന ഹയ്യ കാര്‍ഡുള്ളവര്‍ക്കു വിസ ലഭിച്ച തിയതി മുതല്‍ 90 ദിവസം ഒന്നിലധികം തവണ യു എ ഇയില്‍ പ്രവേശിക്കാന്‍ കഴിയും.

ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ച് യു എ ഇയില്‍ പ്രവേശിക്കാമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. വിസ ഫീസ് 100 ദിര്‍ഹമായി കുറച്ചിട്ടുണ്ട്. മുഴുവന്‍ കാലയളവിലും ഒരിക്കല്‍ മാത്രം അടച്ചാല്‍ മതിയാകും.

വിസ സാധുതയുള്ള കാലയളവില്‍ നിരവധി തവണ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമെന്നും അതോറിറ്റി വ്യക്തമാക്കി. യു എ ഇയുടെ നിലവിലെ വിസ സമ്പ്രദായത്തില്‍ പിന്തുടരുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും സാധാരണ ഫീസും അനുസരിച്ച് വിസ 90 ദിവസത്തേക്കു കൂടി നീട്ടാം.

‘ഹയ്യ’ കാര്‍ഡ് ഉടമകള്‍ക്കു http://www.icp.gov.ae എന്ന വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം.’സ്മാര്‍ട്ട് ചാനല്‍സ് എന്ന ഓപ്്ഷന്‍ തിരഞ്ഞെടുത്ത്, ‘പബ്ലിക് സര്‍വീസസ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘ഹയ്യ കാര്‍ഡ് ഹോള്‍ഡേഴ്‌സ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് വിസയും മറ്റു രേഖകളും സമര്‍പ്പിച്ച് ഫീസ് അടയ്ക്കണം.

വിസ ഒഴിവാക്കിയ രാജ്യങ്ങളിലെ പൗരന്മാരെ മേല്‍പ്പറഞ്ഞ നടപടിക്രമങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് നിലവിലെ നടപടിക്രമങ്ങള്‍ അനുസരിച്ചുതന്നെ യു എ ഇ യില്‍ പ്രവേശിക്കാനും താമസിക്കാനും കഴിയും.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് കാണാനെത്തുന്നവര്‍ക്കുള്ള ഓള്‍റൗണ്ട് പെര്‍മിറ്റാണ് ഹയ്യ കാര്‍ഡ്. ആദ്യം പ്രിന്റ് ചെയ്ത കാര്‍ഡായിരുന്ന ഹയ്യ കാര്‍ഡ് ഇപ്പോള്‍ ഡിജിറ്റലായാണു നല്‍കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ്. ടിക്കറ്റുകള്‍ വാങ്ങിയ ശേഷം കാര്‍ഡിനായി പ്രത്യേകം അപേക്ഷ നല്‍കണം.

ഖത്തര്‍ ലോകകപ്പിനെ ടൂറിസം അവസരമാക്കാന്‍ നിരവധി നടപടികളാണു യു എ ഇ സ്വീകരിക്കുന്നത്. ദോഹയിലേക്കുള്ള ധാരാളം കാണികള്‍ ദുബായ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുമെന്നാണു യു എ ഇ പ്രതീക്ഷിക്കുന്നത്. ഇതു കണക്കിലെടുത്ത് യു എ ഇ വിമാനക്കമ്പനികള്‍ ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്നു യാത്രാ ഷെഡ്യൂളുകള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു.

യു എ ഇയിലെ വിമാനങ്ങളില്‍നിന്നു ദോഹയിലെത്താന്‍ വളരെ ഒരു മണിക്കൂറിലേറെ മാത്രമേ ആവശ്യമുള്ളൂ. ഇതുമൂലം നല്ലൊരു ശതമാനം പേര്‍ ദുബായ് ഉള്‍പ്പെടെയുള്ള യു എ ഇയിലെ വിവിധ നഗരങ്ങളില്‍ താമസിച്ചുകൊണ്ട് മത്സരങ്ങള്‍ കാണാന്‍ ദോഹയിലേക്കു സഞ്ചരിക്കുമെന്നാണു വിലയിരുത്തല്‍. യു എ ഇയിലെ മിക്ക ഹോട്ടലുകളിലും ബുക്കിങ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ, ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 60 ദിവസം വരെയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുമെന്നു സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസ നേടുന്നവര്‍ക്കു ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുന്‍പാണ് സൗദി പ്രവേശനം അനുവദിക്കുക.

വിസാ സാധുത കാലയളവില്‍ നിരവധി തവണ സൗദിയില്‍ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. സൗദിയില്‍ എത്തുന്നതിനു മുന്‍പു ഖത്തര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.

Related News