ഭക്ഷ്യസുരക്ഷാ നിബന്ധനകളുടെ ലംഘനം: അബുദാബിയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍

  • 12/11/2022

 



അബുദാബി: നിരവധി ഭക്ഷ്യസുരക്ഷാ നിബന്ധനകളുടെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയിലെ കഫെറ്റീരിയ അധികൃതര്‍ പൂട്ടിച്ചു. അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് നടപടിയെടുത്തത്. ഇത് സംബന്ധിച്ച് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസ്‍താവനയും പുറത്തിറക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിലായിരുന്നു കഫെറ്റീരിയയുടെ പ്രവര്‍ത്തനമെന്ന് ഈ പ്രസ്‍താവനയില്‍ പറയുന്നു.

പരിശോധനയില്‍ ഇവിടെ ഒന്നിലധികം നിയമലംഘനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അടുക്കളയില്‍ ഈച്ചകളുണ്ടായിരുന്നതിന് പുറമെ പാചകം ചെയ്‍ത ഭക്ഷണം വിവിധ താപനിലകളില്‍ സൂക്ഷിച്ചിരുന്നതായും സ്ഥാപനത്തില്‍ വൃത്തിയില്ലായിരുന്നുവെന്നും പരിശോധക സംഘം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും അതീവ ഗൗരവതരമായ നിയമലംഘനങ്ങള്‍ സ്ഥാപനം നടത്തിയതായും അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

അബുദാബിയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിരന്തരം പരിശോധനകള്‍ നടത്തിവരികയാണെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും ഭക്ഷണ വിതരണ സ്ഥാപനത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 800555 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News