റോബോട്ടുകൾക്ക് ആളുകളെ കൊല്ലാനുള്ള അവകാശം നൽകാൻ ഒരുങ്ങി സാൻഫ്രാൻസിസ്കോ പൊലീസ്

  • 25/11/2022



റോബോട്ടിക്സ് എൻജിനീയറിങ് അതിവേഗത്തിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിനോടകം തന്നെ നിരവധി മേഖലകളിൽ മനുഷ്യൻറെ അധ്വാനത്തെ ലഘൂകരിക്കാൻ റോബോട്ടുകളുടെ സഹായം നടപ്പിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെ കുറിച്ചും സാധനങ്ങൾ അടുക്കി വയ്ക്കുന്ന റോബോട്ടുകളെ കുറിച്ചും മനുഷ്യൻറെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും സഹായിക്കുന്ന റോബോട്ടുകളെ കുറിച്ചും ഒക്കെ നമുക്കറിയാം. 

എന്നാൽ, ഇതിൽ നിന്നെല്ലാം ഒരു പടി കൂടി കടന്ന് മനുഷ്യനെ കൊല്ലാനുള്ള അനുവാദം കൂടി റോബോട്ടുകൾക്ക് നൽകാൻ ഒരുങ്ങുകയാണ്. സാൻ ഫ്രാൻസിസ്കോ പൊലീസ് ആണ് ഇത്തരത്തിൽ റോബോട്ടുകൾക്ക് കുറ്റവാളികളെ കൊല്ലാനുള്ള അനുവാദം നൽകുന്ന നിർണായക തീരുമാനം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. 

അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യങ്ങളിൽ കൊല്ലാനുള്ള അനുവാദം റോബോട്ടുകൾക്ക് നൽകാനാണ് സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെൻറ് ഉദ്ദേശിക്കുന്നത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലിൽ പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ റോബോട്ടുകളെയും സേനയുടെ ഭാഗമാക്കുന്നത്. ഈ പ്രത്യേക അധികാരം കൂടി റോബോട്ടുകൾക്ക് നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി നവംബർ 29 -ന് ഒരു സൂക്ഷ്മ പരിശോധനയും വോട്ടിങ്ങും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെൻറിൽ ഇതിനകം 17 റോബോട്ടുകൾ ഉണ്ട്. അതിൽ ഒരു ഡസൻ ഇപ്പോൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ട്. ബോംബ് ഭീഷണി നേരിടുന്നതിനോ പൊലീസിന് കഴിയാത്ത സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനോ ഈ യന്ത്രങ്ങൾ ഇതുവരെ ഉപയോഗിച്ചിരുന്നു. ഈ റോബോട്ടുകൾ മാരകമായ ശക്തി പ്രയോഗിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന് പൊലീസ് വക്താവ് റോബർട്ട് റുയേകയെ ഉദ്ധരിച്ച് മിഷൻ ഡിസ്ട്രിക്റ്റ് ആസ്ഥാനമായുള്ള മീഡിയ ഔട്ട്‌ലെറ്റ് മിഷൻ ലോക്കൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആവശ്യമായ സാഹചര്യങ്ങൾ വന്നാൽ അത്തരത്തിലും ഇവയെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

Related News