യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം 27% വർധിച്ചു

  • 26/11/2022



ദുബായ്:∙ രാജ്യത്ത് ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 27% വർധിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 26,000 ആയി. സ്വകാര്യ മേഖലയിൽ ഓരോ വർഷവും സ്വദേശികൾക്കു 22,000 നിയമനങ്ങളാണ് സ്വദേശിവൽക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്.

അടുത്ത 5 വർഷത്തിനുള്ളിൽ സ്വദേശികളായ വനിതകളടക്കം 1.70 ലക്ഷം പേർക്കു സ്വകാര്യ മേഖലകളിൽ ജോലി നൽകും. വിദഗ്ധ തൊഴിലാളികൾക്കുള്ള തസ്തികകളിൽ നിയമിക്കുന്ന ഒരു സ്വദേശിക്ക് 14,000 ദിർഹമാണ് ശരാശരി വേതനം. നിയമനം ലഭിച്ച 97% സ്വദേശികളും മികച്ച തസ്തികകളിലാണു ജോലി ചെയ്യുന്നത്. സ്വദേശികൾക്കു സ്വകാര്യ മേഖലയിൽ നിയമനം വേഗത്തിലാക്കാൻ 2021ൽ സർക്കാർ രൂപീകരിച്ച നാഫിസ് വഴിയാണ് നിയമനങ്ങൾ.

ബിസിനസ് സേവന സ്ഥാപനങ്ങൾ, വ്യാപാര, വാണിജ്യ രംഗം, സാമ്പത്തിക വ്യവഹാരത്തിലെ ഇടനനിലക്കാർ എന്നിവയ്ക്ക് പുറമെ വിവിധ സേവന മേഖലയിലും സ്വദേശികൾ നിയമനം നേടി. 50 വിദഗ്ധ തൊഴിലാളികൾ ഉണ്ടായിട്ടും സ്വദേശിവൽക്കരണം കാര്യക്ഷമാക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അധികൃതരുടെ കണ്ണിൽ പൊടിയിടാൻ വ്യാജ നിയമനങ്ങൾ നടത്തിയാൽ 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്‌ പിഴ. സ്വദേശിവൽക്കരണ സംവിധാനം മറികടക്കാൻ ശ്രമിച്ചതായി കണ്ടെത്തിയാലും ഇതേ തുകയാണ് പിഴ ചുമത്തുകയെന്നും മന്ത്രാലയം അറിയിച്ചു.

Related News