ഫുജൈറ വിമാനത്താവളത്തില്‍ പുതിയ റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചു

  • 04/12/2022



ഫുജൈറ: ഫുജൈറ വിമാനത്താവളത്തില്‍ പുതിയതായി നിര്‍മ്മിച്ച റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് പുതിയ റണ്‍വേയുടെ ഓപ്പറേറ്റിങ് ലൈസന്‍സ് ഫുജൈറ എയര്‍പോര്‍ട്ട് കരസ്ഥമാക്കി. എല്ലാ അന്താരാഷ്ട്ര, പ്രാദേശിക മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് ഫുജൈറ വിമാനത്താവളത്തിലെ പുതിയ റണ്‍വേയ്ക്ക് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രവര്‍ത്തനാനുമതി നല്‍കിയത്.

കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഫുജൈറ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. പുതിയ റണ്‍വേയ്ക്ക് 3,050 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും (ഐസിഎഒ) യുഎഇയുടെ ജിസിഎഎയും അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് റണ്‍വേ സജ്ജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് ഹമദ് ബിന്‍ സാലിഹ് അല്‍ ശര്‍ഖി ആദ്യമായി റണ്‍വേ ഉപയോഗിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

വിമാനത്താവളത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചത്. വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 66 കോടി ദിര്‍ഹം അനുവദിച്ചിരുന്നു.

Related News