ഖത്തർ ലോകകപ്പ്: മിഡിൽ ഈസ്റ്റ്‌ ലോക കായിക ഭൂപടത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാമ്പത്തിക മേഖലയായി മാറുമെന്ന് യുഎഇ മന്ത്രി

  • 09/12/2022




ദുബായ്: ഖത്തർ ലോകകപ്പിന്റെ വിജയത്തെ തുടർന്ന് മിഡിൽ ഈസ്റ്റ്‌ ലോക കായിക ഭൂപടത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാമ്പത്തിക മേഖലയായി മാറുമെന്ന്  യുഎഇ മന്ത്രി. വിനോദസഞ്ചാരം, വ്യാപാരം, എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ ഈ മേഖലയിലേക്ക് കൊണ്ടുവരാനും ഇതുകൊണ്ട് സാധിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു. 

ദുബായിൽ നടന്ന ഇൻവെസ്‌റ്റോപ്പിയ ഫ്യൂച്ചർ ഓഫ് സ്‌പോർട്‌സ് കോൺഫറൻസിൽ ആഗോള ഫുട്‌ബോൾ അലയൻസ് പ്രസിഡന്റ് ബെർണാഡ് കയാസോയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷക്കണക്കിന് ആളുകൾ ദോഹയിൽ ഫുട്‌ബോൾ ഉത്സവം ആസ്വദിക്കുന്ന സമയത്ത് തന്നെ എമിറേറ്റ്‌സിലുടനീളമുള്ള ഫാൻ സോണുകൾ അവരുടെ ടീമുകളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയും നാം കാണുന്നു. സ്പോർട്സിന്റെ ഭാവിയെ കുറിച്ച് നടന്ന സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം കായിക മേഖലയിലുള്ള നിക്ഷേപം ടൂറിസം വളർത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു.

സ്പോർട്സിന്റെ സാധ്യതകൾ ഒരുപാടാണ്. ഇത് ധാരാളം നിക്ഷേപങ്ങളും വ്യാപാര അവസരങ്ങളും സൃഷ്ടിക്കുന്നു. കായികമേഖലയിലെ ആരാധകരെയും താരങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്ന പ്രധാന അന്താരാഷ്ട്ര ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന  സ്ഥലമായി മിഡിൽ ഈസ്റ്റ്‌ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Related News