ലോകത്തെ കുഞ്ഞു മനുഷ്യനു ദുബായിൽ വലിയ റെക്കോർഡ്

  • 16/12/2022



ദുബായ്:∙ ലോകത്തെ കുഞ്ഞു മനുഷ്യനു ദുബായിൽ വലിയ റെക്കോർഡ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനുള്ള (ഗിന്നസ് വേൾഡ് റെക്കോർഡ് (ജിഡബ്ല്യുആർ)  65.24 സെന്റീമീറ്റർ മാത്രം ഉയരമുള്ള അഫ്ഷിൻ ഇസ്മായിൽ ഗദർസാദെക്കു ലഭിച്ചു. 

ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ബുക്കാൻ കൗണ്ടിയിലെ  വിദൂര ഗ്രാമത്തിൽ ജനിച്ച 21 കാരൻ  വളരെ ബുദ്ധിമുട്ടുള്ള ജീവിതമാണു നയിച്ചിരുന്നത്. എപ്പോഴും ഒരാളുടെ പരിചരണം ആവശ്യമാണെന്നതിനാൽ സ്കൂളിൽ പോകാൻ പോലും സാധിച്ചില്ലെന്നും അതിൽ അഫ്ഷിൻ ഏറെ നിരാശനായിരുന്നുവെന്നു പിതാവ് ഇസ്മയിൽ പറഞ്ഞു. തന്റെ ജന്മനാട്ടിൽ ഇന്ന് അഫ്ഷിൻ താരമാണ്. എവിടെ ചെന്നാലും അവനു സുഹൃത്തുക്കളെ ലഭിക്കുന്നു. ആളുകൾ തന്നോട് സംസാരിക്കാനും സെൽഫി എടുക്കാനും വരുന്നത് സന്തോഷമുള്ള കാര്യമെന്ന് അഫ്ഷിൻ പറഞ്ഞു. 

ഫുട്ബോൾ ഇഷ്ടപ്പെടുന്ന അഫ്ഷിൻ കടുത്ത മെസ്സി ആരാധകനാണ്. എങ്കിലും ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസ് വിജയിക്കുമെന്നാണ് കരുതുന്നത്. ഫ്രാൻസിന്റെ കളിമികവ് അതു പ്രകടമാക്കുന്നു. മെസ്സിയെ കൂടാതെ,  റൊണാൾഡോ, അലി ദായി എന്നിവരാണ് പ്രിയപ്പെട്ട കളിക്കാർ. 

Related News