വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലോക നഗരങ്ങളിൽ ദുബായിക്ക് രണ്ടാം സ്ഥാനം

  • 16/12/2022



ദുബായ്: വിനോദസഞ്ചാരികളെ  ആകർഷിക്കുന്ന ലോക നഗരങ്ങളിൽ ദുബായിക്ക് രണ്ടാം സ്ഥാനം. പാരിസ് ആണ് ഒന്നാമത്. ആംസ്റ്റർഡാം, മഡ്രിഡ്, റോം, ലണ്ടൻ, മ്യൂണിക്ക്, ബെർലിൻ, ബാർസിലോന, ന്യൂയോർക്ക് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയ മറ്റു നഗരങ്ങൾ. ടൂറിസം നയം, ആരോഗ്യം, സുരക്ഷ, അടിസ്ഥാന സൗകര്യവികസനം, സാമ്പത്തികം, ബിസിനസ് എന്നീ 6 ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ദുബായ് മികവു പുലർത്തിയത്. 

അടിസ്ഥാന സൗകര്യവികസനം, ടൂറിസ നയം, ആകർഷണം എന്നിവയിലും ദുബായ് മികച്ച പ്രകടനം കാഴ്ചവച്ചു. കോവിഡ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവിനുശേഷം എമിറേറ്റിലെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് യൂറോ മോണിറ്റർ ഇന്റർനാഷനൽ സാക്ഷ്യപ്പെടുത്തി. 

തിരക്കേറിയ 10 വിമാന യാത്രാ റൂട്ടുകളിലൊന്നായ ദുബായിക്ക് അഞ്ചാം സ്ഥാനമുണ്ട്. മധ്യപൂർവദേശ, ആഫ്രിക്കൻ രാജ്യങ്ങളിലെ മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനവും ദുബായിക്കു തന്നെ. 

സുവർണ നഗരിയിൽ എത്തുന്ന എല്ലാവരെയും സന്തോഷിപ്പിക്കാനാകുന്ന എന്തെങ്കിലും ഒന്ന് ദുബായിലുണ്ടെന്നതും നേട്ടമായി. ഈ വർഷം ദുബായിലെത്തിയ സഞ്ചാരികൾ ചെലവഴിച്ചത് 2940 കോടി ഡോളർ ആണെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Related News