യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ 40 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കി; ഡയറക്ടര്‍ പിടിയില്‍

  • 24/12/2022




അബുദാബി: യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയതിന് കമ്പനി ഡയറക്ടര്‍ അറസ്റ്റിലായി. 40 സ്വദേശികളെ നിയമിച്ചെന്ന് കാണിച്ച് യുഎഇ ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം തട്ടിയെടുക്കുള്ള ശ്രമമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിടിയിലായ കമ്പനി ഡയറക്ടറെ ജയിലിലടയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി. 

സ്വദേശികളെ നിയമിക്കുന്ന നടപടികളില്‍ ഈ കമ്പനിയില്‍ ചില കൃത്രിമങ്ങള്‍ നടക്കുന്നതായി യുഎഇ മാനവ - വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറ്റോര്‍ണി ജനറലിന് വിവരം നല്‍കിയത്. ഇത് പ്രകാരം അധികൃതര്‍ അന്വേഷണം നടത്തിപ്പോഴാണ് 40 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്ന സാമ്പത്തിക സഹായം തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍.

കമ്പനിയിലെ ചില ജീവനക്കാരുടെ സഹായത്തോടെ ഇയാള്‍ ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിക്കുകയും വ്യാജ തൊഴില്‍ കരാറുകള്‍ ഉണ്ടാക്കുകയും ചെയ്‍തു. ഇത് പ്രകാരമാണ് 40 സ്വദേശികളെ കമ്പനിയില്‍ നിയമിച്ചതായി രേഖകളുണ്ടാക്കിയത്. സമാനമായ കേസില്‍ മറ്റൊരു കമ്പനിക്കെതിരെ യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു. കമ്പനി ഉടമയായ സ്വദേശി പൗരന്‍ തന്റെ ബന്ധുക്കളായ 43 പേരെ കമ്പനിയില്‍ നിയമിച്ചതായി രേഖയുണ്ടാക്കുകയായിരുന്നു.

യുഎഇയില്‍ സ്വദേശികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതിയായ 'നാഫിസ്' വഴി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന  സ്വദേശികള്‍ക്ക് അധിക ശമ്പളം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതുപ്രകാരം മാസ ശമ്പളം 30,000 ദിര്‍ഹത്തില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കും. ബിരുദ ധാരികള്‍ക്ക് മാസം 7000 ദിര്‍ഹവും ഡിപ്ലോമയുള്ള വര്‍ക്ക് 6000 ദിര്‍ഹവും ഹൈസ്‍കൂള്‍ യോഗ്യതയുള്ളവര്‍ക്ക് മാസം 5000 ദിര്‍ഹവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള അലവന്‍സും ജോലി നഷ്ടമായാല്‍ താത്‍കാലിക ധനസഹായവുമൊക്കെ സര്‍ക്കാര്‍ നല്‍കും.

Related News