ധനകാര്യ ഇടപാടുകൾക്ക് ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കണമെന്ന് യുഎഇ

  • 13/01/2023



അബുദാബി:∙ ധനകാര്യ ഇടപാടുകൾക്ക് ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരെയുള്ള പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കുകൾ, ബ്രോക്കർമാർ, ഫിനാൻസ് കമ്പനികൾ, എക്‌സ്‌ചേഞ്ച് ഹൗസുകൾ, ഇൻഷുറൻസ് കമ്പനികൾ, ഏജന്റുമാർ എന്നിവ ഉൾപ്പെടെ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾക്കാണ് മാർഗനിർദേശം നൽകിയത്.

നിയമവിരുദ്ധ ഇടപാടുകളുടെ അപകടസാധ്യത ബോധ്യപ്പെടുത്തുന്നതിനൊപ്പം നിയമപരമായ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ആവശ്യപ്പെട്ടു. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ ഇടപാടുകാരുടെ തിരിച്ചറിയിൽ രേഖകളുടെ ഡിജിറ്റൽ പകർപ്പ് പരിശോധിക്കണം. സൈബർ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ മോഷ്ടിച്ചതും വ്യാജമായി നിർമിച്ചതുമായ ഐഡികൾ തിരിച്ചറിയാനും അപകട സാധ്യത കുറയ്ക്കാനും ഡിജിറ്റൽ പ്രൂഫിങ് സഹായകമാകും.

നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇതുവഴി തടയാം. നിയമം ലംഘിച്ച ഏതാനും സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം പിഴ ചുമത്തിയെന്നും വെളിപ്പെടുത്തി. കഴിഞ്ഞ മാസം ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

Related News