ഗള്‍ഫ് രാജ്യങ്ങളിലെ ഭക്ഷ്യ വിപണിയില്‍ സജീവമാകാന്‍ ഇനി വിപ്രോയും

  • 14/01/2023



ദുബൈ: ഇന്ത്യയിലെ പ്രമുഖ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‍സ് കമ്പനിയായ (എഫ്.എം.സി.ജി) വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിങ്, ഭക്ഷ്യോത്പന്ന വിപണന സ്ഥാപനമായ നിറപറയുമായുള്ള ഏറ്റെടുക്കല്‍ കരാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലും അന്താരാഷ്‍ട്ര വിപണിയിലും ഭക്ഷണ വിപണന രംഗത്ത് സജീവമാകുമെന്ന വിപ്രോയുടെ നേരത്തയുള്ള പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണിത്. സ്നാക്, ഫുഡ്, സ്‍പൈസസ്, റെ‍ഡി ടു കുക്ക് മേഖലകളില്‍ അറിയപ്പെടുന്ന സാന്നിദ്ധ്യമായി മാറാനാണ് വിപ്രോ ലക്ഷ്യം വെയ്ക്കുന്നത്.

വിപ്രോ ഏറ്റെടുക്കുന്ന 13-ാമത്തെ കമ്പനിയായി മാറിയിരിക്കുകയാണ് നിറപറ. നിലവില്‍ എന്‍ചാന്റര്‍, യാര്‍ഡ്‍ലി ഓഫ് ലണ്ടന്‍, സന്തൂര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളിലൂടെ ജിസിസി രാജ്യങ്ങളില്‍ വിപ്രോയുടെ സജീവ സാന്നിദ്ധ്യമുണ്ട്. ഈ പട്ടികയിലേക്കാണ് ഇനി നിറപറയും എത്തുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ രംഗത്ത് സ്ഥാനമുറപ്പിക്കാന്‍ നിറപറയുടെ സ്‍പൈസസ് മുതല്‍ റെഡി ടു കുക്ക് ഉത്പന്നങ്ങള്‍ വരെയുള്ള വിപുലമായ ശ്രേണിയിലൂടെ സാധ്യമാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

1976ല്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ നിറപറ, അതിന്റെ മസാലക്കൂട്ടുകളുടെ പേരില്‍, പ്രധാനമായും സാമ്പാര്‍ പൊടി, ചിക്കന്‍ മസാല തുടങ്ങിയ ഉത്പന്നങ്ങളിലൂടെയാണ് ഉപഭോക്താക്കളുടെ ശ്രദ്ധനേടിയത്. പിന്നീട് റെഡി ടു കുക്ക് പുട്ടുപൊടിയുടെ പേരില്‍ നിറപറ പ്രശസ്‍തമായി. ലോകത്തുടനീളം ഇന്ത്യന്‍ സമൂഹം ഉപയോഗിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളിലൊന്നായി നിറപറ ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇതില്‍ ജിസിസി രാജ്യങ്ങളാണ് നിറപറയുടെ പ്രധാന വിപണികളിലൊന്ന്.

Related News