ദുബായിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് 20 മണിക്കൂറിലേറെ വൈകി: ദുരിതത്തിലായി യാത്രക്കാർ

  • 05/02/2023




ദുബായ്: പ്രവാസികളായ യാത്രക്കാരോടുള്ള എയർ ഇന്ത്യയുടെ ക്രൂരതകൾക്ക് അറുതിയില്ല. സാങ്കേതിക കാരണങ്ങൾ നിരത്തി വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നതും യാത്ര റദ്ദാക്കുന്നതും പതിവായതോടെ ദുബായിൽ നിന്നുൾപ്പെടെ പല ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പോകുന്ന സ്ത്രീകളും കുട്ടികളും ഗർഭിണികളും അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളമാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്. 

ഈയിടെ യു.എ.ഇയിൽ നിന്നും നാട്ടിലേക്ക് പോകുന്ന മിക്ക എയർ ഇന്ത്യ സർവീസുകളും മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോളമോ വൈകിയാണ് നാട്ടിലേക്ക് പറക്കുന്നത്. പലപ്പോഴും വിമാനത്താവളത്തിൽ എത്തിയാൽ മാത്രമായിരിക്കും വിമാനം വൈകുന്ന കാര്യം യാത്രക്കാർക്ക് മനസിലാവുന്നത്. യാത്ര സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സാമാന്യ മര്യാദ പോലും കമ്പനി കാണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ഏറ്റവും ഒടുവിൽ ദുബായിൽനിന്ന് കോഴിക്കോട്ട് എത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നത് 20 മണിക്കൂർ വൈകിയാണെന്ന് യാത്രക്കാർ പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ IX346 വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ദുബായിൽനിന്ന് പറന്നുയർന്നത്. പതിവുപോലെ സാങ്കേതിക തകരാറാണ് കാരണമായി പറയുന്നതെങ്കിലും നൂറ്റമ്പതോളം യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.

വിമാനത്തിലേക്കുള്ള യാത്രക്കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം രാത്രിയേ പുറപ്പെടൂ എന്നറിയിപ്പുണ്ടായത്. ഇതോടെ യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. ഹോട്ടലിൽ എത്തിയപ്പോൾ വിമാനം പുലർച്ചെ മൂന്നിന് പുറപ്പെടുമെന്നും യാത്രക്കാർ രാത്രി 12ന് റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പ് വന്നു. ഇതോടെ ചെറിയ കുട്ടികളും പ്രായമായവരും ഗർഭിണികളും അടക്കം വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു. 

പുലർച്ചെ മൂന്നുമണിയായിട്ടും പുറപ്പെടാത്തത് ചോദ്യംചെയ്തപ്പോൾ നാലിന് പോകുമെന്നായി അടുത്ത അറിയിപ്പ്. പിന്നീട് പലതവണയായി പല സമയം പറഞ്ഞെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് കൊച്ചു കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. അവസാനം ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. 

യാത്രക്കാർ ഇത് ചോദ്യംചെയ്‌തെങ്കിലും ഇതിലൊന്നും അധികൃതർക്ക് കുലുക്കമില്ലെന്ന മട്ടിലാണ് പ്രതികരണം. യാത്ര അനിശ്ചിതമായി നീണ്ടുപോയി യാത്രക്കാരെ ബുദ്ധിമുട്ടിക്കുമ്പോഴും ഭക്ഷണംപോലും ശരിയാംവിധം കിട്ടിയില്ലെന്നും പരാതിയുണ്ട്.

Related News