ബ്രഹ്‌മപുരം തീപിടുത്തത്തിൽ ഉത്തരം വേണം; സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്

  • 23/03/2023

ബ്രഹ്‌മപുരം തീപിടുത്തത്തിൽ സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ചോദ്യങ്ങളുന്നയിച്ചത്.

ചോദ്യങ്ങൾ:

2019ൽ മുഖ്യമന്ത്രി ഉൾപ്പെട്ട സംഘം നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ സോൺടയുമായി ചർച്ച നടത്തിയിരുന്നോ?
വിവിധ കോർപറേഷനുകളിലെ പദ്ധതി നടത്തിപ്പ് കരാർ സോൺട കമ്പനിക്ക് ലഭിച്ചതെങ്ങനെ?
കൊല്ലത്തും കണ്ണൂരും ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് കരാർ ലഭിച്ചത് എങ്ങനെയാണ്?
സോൺടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയിട്ടുണ്ടോ?
സോൺട ഗുരുതര വീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകാത്തതെന്തുകൊണ്ട്?
വ്യവസ്ഥയ്ക്ക് വിരുദ്ധമായി ഉപകരാർ നൽകിയത് സർക്കാരോ കോർപറേഷനോ അറിഞ്ഞിരുന്നോ?
കരാർ ലംഘിച്ചിട്ടും ഏഴ് കോടി മൊബിലൈസേഷൻ അഡ്വാൻസും നാല് കോടിയും അനുവദിച്ചത് എന്തിന്?
സോൺട കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും നേതാക്കൾക്കും എന്താണ് ബന്ധമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, ഇത്രയും നിയമലംഘനങ്ങൾ നടത്തിയ ഒരു കമ്പനിയെയാണ് തദ്ദേശ മന്ത്രിയും മറ്റ് മന്ത്രിമാരും നിയമസഭയിൽ പ്രതിരോധിച്ച് സംസാരിച്ചതെന്നും കുറ്റപ്പെടുത്തി.

അതിനിടെ ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറിയും ഉടലെടുത്തു. ടോണി ചമ്മിണി മേയറായിരുന്ന കാലത്ത് കരാർ ലഭിച്ച ജി ജെ ഇക്കോ പവർ എന്ന കമ്പനി മൂലമാണ് ബ്രഹ്‌മപുരം പ്ലാസ്റ്റിക് മലയായതെന്ന് തുറന്നടിച്ച് കെ പി സി സി ജനറൽ സെക്രട്ടറി എൻ വേണുഗോപാൽ രംഗത്തെത്തി. തന്റെ മരുമകന്റെ കമ്പനിക്ക് സോണ്ട ഉപകരാർ നൽകിയെന്നത് തെളിയിക്കാനും എൻ വേണുഗോപാൽ വെല്ലുവിളിച്ചു. അതേ സമയം വേണുഗോപാലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടോണി ചമ്മിണി പറഞ്ഞു.

Related News