സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ, രണ്ട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക്; മന്ത്രിസഭായോഗ തീരുമാനം

  • 23/03/2023

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ ആരംഭിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിർമിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവും ഉണ്ടായിരിക്കും. 

കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സയൻസ് പാർക്കുകളുടെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റികൾ യഥാക്രമം കണ്ണൂർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റികൾ  ആയിരിക്കും. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയൻസ് പാർക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനെ (KSCSTE) പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി (SPV) തീരുമാനിച്ചു.

സയൻസ് പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ഐ.ടി.എൽ നെ ചുമതലപ്പെടുത്തി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്സ് - ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ പി സുധീർ ചെയർമാനായ ഒമ്പത് അംഗ കൺസൾട്ടേറ്റീവ്  ഗ്രൂപ്പ് രൂപീകരിച്ചു. സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ നിയമിക്കും. അതിനുള്ള ചെലവുകൾ കിഫ്ബി ഫണ്ടിൽ നിന്ന് നൽകും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത് 4 സയൻസ് പാർക്ക്  സ്ഥാപിക്കാൻ തീരുമാനിച്ചത്.

Related News