തൊഴിലാളികളുടെ പാസ്സ്‌പോർട്ട് തടഞ്ഞുവയ്ക്കുന്നു; മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ കുവൈത്ത് മെച്ചപ്പെട്ടുവെന്ന് യു എസ് റിപ്പോർട്ട്

  • 24/03/2023

കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ കുവൈത്ത് മെച്ചപ്പെട്ടുവെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉയർത്താൻ ലക്ഷ്യമിട്ടുള്ള കൂടുതൽ നടപടികൾ കുവൈത്ത് സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈത്തിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. 80 വനിതാ പ്രോസിക്യൂട്ടർമാരുടെയും ജഡ്ജിമാരുടെയും നിയമനം ജുഡീഷ്യറിയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. കുവൈത്തി വനിതകളുടെ കഴിവിനെ ഇത് എടുത്തു കാണിച്ചു.

ഗാർഹിക പീഡനത്തിന് ഇരയായവർക്കുള്ള അഭയകേന്ദ്രത്തിൽ ജോലിചെയ്യാൻ 22 പേരെ സാമൂഹ്യകാര്യ മന്ത്രാലയം നിയമിച്ചു. കൂടാതെ സ്ത്രീകളും കുട്ടികളുമായി 21 പേർക്ക് അഭയം ലഭിക്കുകയും ചെയ്തു. എന്നാൽ, സ്ത്രീകൾക്ക് തുല്യ പൗരാവകാശം ലഭിക്കുന്നില്ല. പ്രവാസി തൊഴിലാളികൾക്ക് ലഭിക്കുന്ന അവകാശങ്ങളെ കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.

തൊഴിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാരിനെ റിപ്പോർട്ട് പൂർണമായി പിന്തുണയ്ക്കുന്നില്ല. പാസ്‌പോർട്ട് കൈവശം വയ്ക്കുന്നതും  വേതനം നൽകാതിരിക്കുന്നതിനുമുള്ള നിയമപരമായ വിലക്കിനെക്കുറിച്ച് കുടുംബങ്ങളെയും വിദേശ തൊഴിലാളികളെയും ബോധവൽക്കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. തൊഴിൽപരമായ ആരോഗ്യ, സുരക്ഷാ നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചില്ല. തൊഴിലാളികളുടെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കുന്നത് നിയമം നിരോധിക്കുന്നുണ്ടെങ്കിലും, ചില തൊഴിലുടമകളിൽ ഈ രീതി ഇപ്പോഴും തുടരുകയാണ്. പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികളാണ് ഈ പ്രതിസന്ധി അനുഭവിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

Related News