കടലക്കറിയിലെ വിഷം, ചേർത്തത് മകനെന്ന് കുറ്റ സമ്മതം; പക തുടങ്ങിയിട്ട് 15 വർഷം

  • 04/04/2023

തൃശൂര്‍: അവണൂരില്‍ അച്ഛന് കടലക്കറിയില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അവണൂര്‍ സ്വദേശിയായ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കി കൊലപെടുത്തിയതാണെന്ന് ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂര നാഥന്‍ ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു.


ഓണ്‍ലൈനായി വരുത്തിയ വിഷ പദാര്‍ഥങ്ങള്‍ ചേര്‍ത്ത് പ്രതിയായ മയൂരനാഥന്‍ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത്. കടലക്കറിയില്‍ കലര്‍ത്തി അച്ഛന് നല്‍കുകയായിരുന്നു. അച്ഛന്‍ ശശീന്ദ്രനെ മാത്രമായിരുന്നു മയൂരനാഥന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ശശീന്ദ്രന്‍ കഴിച്ചു ബാക്കി വന്ന കടലക്കറി വീട്ടിലെ പ്രധാന കറിപ്പാത്രത്തില്‍ രണ്ടാനമ്മ തിരിച്ചിട്ടതിനാലാണ് മറ്റ് നാലു പേര്‍ക്കു കൂടി വിഷബാധയേറ്റത്. മയൂരനാഥന്‍ ഒഴികെ മറ്റെല്ലാവരും കടലക്കറി കഴിക്കുകയും ചെയ്തു. ഇതാണ് കേസ് വേഗത്തില്‍ തെളിയാന്‍ കാരണമായത്.

എംബിബിഎസിന് സീറ്റ് കിട്ടാനുള്ള മാര്‍ക്ക് മയൂരനാഥന് ഉണ്ടായിരുന്നു. എന്നാല്‍ ആയുര്‍വേദ ഡോക്ടറാകാനായിരുന്നു പ്രതിക്ക് താത്പര്യം. വീടിന് മുകളില്‍ സ്വന്തമായി ആയുര്‍വേദ ലാബുണ്ടാക്കിയ മയൂരനാഥന്‍ ഇവിടെ മരുന്നുകള്‍ സ്വന്തമായി നിര്‍മ്മിക്കാറുണ്ടായിരുന്നു. ഇവിടെ തന്നെയാണ് അച്ഛനെ വകവരുത്താനുള്ള വിഷക്കൂട്ടും തയ്യാറാക്കിയതെന്നാണ് വിവരം. തന്റെ

അമ്മ മരിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അച്ഛന്‍ പുനര്‍ വിവാഹം കഴിച്ചതില്‍ മയൂരനാഥന് ദേഷ്യമുണ്ടായിരുന്നു. 15 വര്‍ഷത്തോളം മയൂരനാഥന്‍ ഈ പകയുമായി ജീവിച്ചു. ഈയിടെ വീട്ടില്‍ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇതും അച്ഛനെ വധിക്കാനുള്ള കാരണമായെന്ന് മയൂരനാഥന്‍ പൊലീസിനോട് പറഞ്ഞു.

അസ്വാഭാവിക മരണത്തിനുള്ള സാധ്യത പൊസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് മയൂര നാഥനെ ചോദ്യം ചെയ്തത്. പതിനഞ്ച് വര്‍ഷം മുമ്ബ് മയൂര നാഥന്റെ അമ്മ ആത്മഹത്യ ചെയ്തത് മുതല്‍ അച്ഛനോട് പകയുണ്ടായിരുന്നു. രണ്ടാനമ്മ വന്നതോടെ പക ഇരട്ടിച്ചു ഇതാണ് കൊലപാതക കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്. പിതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് മയൂര നാഥന്‍ ചെയ്തത്.

Related News