കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക പെസഹാപ്പെരുന്നാൾ ആചരിച്ചു

  • 06/04/2023


കുവൈറ്റ്‌ : മഹത്വ പ്രവേശനത്തിനു ശേഷം മാനവരാശിയുടെ പാപങ്ങൾക്ക്‌ പൂർണ്ണമായ വിമോചനം പ്രഖ്യാപിച്ചുകൊണ്ട്‌ ക്രിസ്തു സ്ഥാപിച്ച പുതിയനിയമത്തിന്റെ ദിവ്യസ്മരണകൾ പുതുക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക പെസഹാപ്പെരുന്നാൾ ആചരിച്ചു.

മഹാ ഇടവകയുടെ അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ, ഇടവക സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിലും, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും നടന്ന പെസഹാ ശുശ്രൂഷകൾക്ക്‌ മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.

ഭക്തിനിർഭരമായി പെസഹായുടെ ശുശ്രൂഷകളിൽ പങ്കെടുത്ത കുവൈറ്റിലെ മലങ്കരസഭാ വിശ്വാസികൾക്ക് പെസഹായുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ തയ്യാറാക്കിയ പുളിപ്പില്ലാത്ത അപ്പം നേർച്ചയായി വിതരണം ചെയ്യുകയുണ്ടായി.

Related News