ഇന്ത്യയിൽ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റിന് 145 ദിനാര്‍ ഫീസ്; ഇന്ത്യൻ സ്ഥാനപതി

  • 07/08/2023

 


കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ഉഭയകക്ഷി സഹകരണ ബന്ധത്തിന്റെ ആഴം വിശദീകരിച്ച് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. വിവിധ പ്രാദേശിക വിഷയങ്ങളിൽ കുവൈത്തിിന്‍റെ നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. മേഖലയിൽ നിഷ്പക്ഷ നയമാണ് കുവൈത്ത് സ്വീകരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ക്ക് കുവൈത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉന്നത നേതൃത്വങ്ങളുടെ സന്ദര്‍ശനങ്ങള്‍ ഇരുഭാഗത്തേക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് രാജ്യങ്ങളും സംയുക്തമായി രൂപീകരിച്ച കമ്മിറ്റിയുടെ യോഗം എപ്പോള്‍ നടക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ സന്ദർശനത്തെ ആശ്രയിച്ചാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച ഉഭയകക്ഷി ധാരണാപത്രം 2021 ജൂണിൽ ഒപ്പുവച്ച കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അത് നടപ്പിലാക്കുന്നതിനായി 2022 ഏപ്രിലിൽ കുവൈത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ സർക്കാർ അംഗീകൃത തൊഴിൽ ഏജൻസി അംഗീകരിച്ച ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് 145 കുവൈത്തി ദിനാര്‍ ആണെന്നും ഡോ. ആദർശ് സ്വൈക പറഞ്ഞു. കൂടാതെ, ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ക്രിമിനൽ സ്റ്റാറ്റസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്), രണ്ട് ദിനാറും അംഗീകൃത മെഡിക്കൽ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിനായി പ്രത്യേക ഫീസും ഉണ്ടാകും. ഇന്ത്യയിൽ 20 ദിനാർ ചെലവാണ് ഇതിന് വരികയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related News