പ്രവാസികൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 10/08/2023


കുവൈത്ത് സിറ്റി: പ്രവാസികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ അതോറിറ്റി ഏറ്റവും പ്രാഥമികമായ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി വ്യക്തമാക്കി. വിവിധ മേഖലകളിലെ പാകിസ്ഥാൻ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ട് ഏറ്റവും അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് അതോറിറ്റി പരിശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പാകിസ്ഥാൻ സ്ഥാനപതി മാലിക് ഫാറൂഖും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറലിന്റെ പ്രതികരണം. പാകിസ്ഥാൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കാൻ ശ്രമിക്കുന്നതിനും വേണ്ടിയാണ് കൂടിക്കാഴ്ച നടന്നത്. വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രക്രിയ വികസിപ്പിക്കുന്നതിന് അതോറിറ്റി നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലേബർ മാർക്കറ്റിന് ആവശ്യമായ സ്പെഷ്യലൈസേഷനുകൾ ഉള്ള തൊഴിലാളികളെയാണ് കുവൈത്തിന് വേണ്ടതെന്നും അദ്ദേഹം യോ​ഗത്തിൽ പറഞ്ഞു.

Related News