കുവൈറ്റ് വിടണമെങ്കില്‍ ട്രാഫിക്ക് പിഴ അടച്ചേ മതിയാകൂ; കര്‍ശന നിബന്ധന നടപ്പാക്കി തുടങ്ങി

  • 21/08/2023


കുവൈത്ത് സിറ്റി: രാജ്യം വിടാൻ ഉദ്ദേശിക്കുന്ന എല്ലാ പ്രവാസികളും നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള ട്രാഫിക്ക് പിഴകള്‍ തീർപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. പുതിയ നിയമം നടപ്പാക്കിയതിന്റെ ആദ്യ ദിവസം തന്നെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 പ്രവാസികളുടെ യാത്രാ നടപടികള്‍ തടസപ്പെട്ടു. ഇവര്‍ക്ക് പിഴ അടയ്ക്കാൻ സാധിക്കാതെ വന്നതോടെ രാജ്യത്ത് നിന്ന് പോകാൻ സാധിച്ചിട്ടില്ല. അതേസമയം, 405 ട്രാഫിക് നിയമലംഘനങ്ങളിൽ നിന്ന് 31,000 കുവൈത്തി ദിനാർ ആണ് ആഭ്യന്തര മന്ത്രാലയം അതേ ദിവസം തന്നെ ഈടാക്കിയത്.

യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ അവരുടെ ട്രാഫിക് നിയമലംഘനങ്ങൾ പിഴ അടയ്ക്കുക തന്നെ വേണമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് നിയുക്തമാക്കിയ സ്ഥലങ്ങളിലെ പാർക്കിംഗ് പോലുള്ള ചില ലംഘനങ്ങൾക്ക് വിമാനത്താവളത്തിൽ പിഴ അടയ്ക്കാനാവില്ല. ഇത്തരം നിയമ ലംഘനങ്ങൾ അന്വേഷണങ്ങൾക്കായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പരിഹരിക്കേണ്ടതുണ്ട്. രാജ്യത്തിനകത്ത് സുരക്ഷയും നിയമങ്ങളും നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News