കുവൈത്തിലേക്കുള്ള നഴ്സിംഗ് സ്റ്റാഫ് റിക്രൂട്ട്മെന്‍റ്; ഇടനിലക്കാരെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 23/08/2023



കുവൈത്ത് സിറ്റി: 2018 മുതൽ നഴ്‌സിംഗ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നതിന് ഒരു ഇടനില കമ്പനികളുമായും മന്ത്രാലയം ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന പരസ്യങ്ങളുമായി മന്ത്രാലയത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. നഴ്സിംഗ് ജോലികൾക്കായി മന്ത്രാലയത്തിലെ ഒഴിവുകൾക്കുള്ള എല്ലാ അപേക്ഷകളും ആരോഗ്യ മന്ത്രാലയം നേരിട്ട് ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാർ ഏജൻസികളുമായുള്ള ധാരണാപത്രങ്ങൾ വഴിയാണ് കൈകാര്യം ചെയ്യുന്നത്.

വിദേശത്ത് നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായി പിന്തുടരുന്ന പ്രക്രിയ ആ രാജ്യങ്ങളിലെ പ്രസക്തമായ സർക്കാർ സ്ഥാപനങ്ങൾ വഴിയാണ് നടക്കുന്നത്. തുടർന്ന് വ്യക്തിഗത അഭിമുഖങ്ങളും പരീക്ഷയും നടത്തും. പാകിസ്ഥാൻ, ജോർദാൻ തുടങ്ങിയ ചില രാജ്യങ്ങളില്‍ നിന്നൊഴികെ അടുത്ത കാലത്തായി വിദേശത്ത് നിന്ന് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. ഇന്തോനേഷ്യ, ശ്രീലങ്ക, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്ന് സർക്കാർ സ്ഥാപനം മുഖേന പുതിയ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News