നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നത് 4.6 ശതമാനം കുവൈത്തികൾ മാത്രം

  • 24/08/2023


കുവൈത്ത് സിറ്റി: ഭൂമിയിലെ മാലാഖമാർ എന്ന വിശേഷണമുണ്ടെങ്കിലും നഴ്സിം​ഗ് ജോലിയോട് വിമുഖത തുടർന്ന് കുവൈത്തികൾ. മറ്റ് സർക്കാർ ജോലികളെ അപേക്ഷിച്ച് തൊഴിലിന്റെ ബുദ്ധിമുട്ടുകൾ, പ്രോത്സാഹനങ്ങളുടെ അഭാവം, അടിസ്ഥാന ശമ്പളത്തിന്റെ കുറവ് എന്നിങ്ങനെയുള്ള കാരണങ്ങൾ മൂലം കുവൈത്തികൾ ഈ മേഖലയിൽ താത്പര്യം കാണിക്കുന്നതേയില്ല. 21,017 പ്രവാസി നഴ്‌സുമാർ ഉൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം 22,021 നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. അതായത് 4.6 ശതമാനം, 1,004 പൗരന്മാർ മാത്രമാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.

പ്രോത്സാഹനത്തിന്റെ അഭാവവും ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടുമാണ് രാജ്യത്തെ യുവാക്കൾ ഈ തൊഴിലിൽ ഏർപ്പെടുന്നതിൽ വിമുഖത കാണിക്കുന്നതിന് പിന്നിലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന കുവൈത്ത് നഴ്‌സുമാർ വ്യക്തമാക്കി. എന്നാൽ, കുവൈത്തികൾ നഴ്‌സിംഗിനോട് വിമുഖത കാണിക്കുന്നതിന്റെ ഏറ്റവും പ്രധാന ഘടകം അലവൻസുകളുടെ അഭാവമാണെന്ന് നഴ്‌സിംഗ് അസോസിയേഷൻ മേധാവി ഊന്നിപ്പറഞ്ഞു. വിദേശത്ത് നിന്നുള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പരിശീലനത്തിനുള്ള രാജ്യമായാണ് കുവൈത്തിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News