കുവൈറ്റ് - ഇന്ത്യ: തന്ത്രപരമായ പങ്കാളിത്തം , സഹകരണം എന്നിവ ശക്തിപ്പെടുത്തും, ഊഷ്മള സ്വീകരണം ഒരുക്കി കുവൈത്ത് ആഭ്യന്തര മന്ത്രി

  • 25/08/2023

 

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെന്ററി കാര്യ സഹമന്ത്രിയുമായ വി മുരളീധരനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങളാണ് ചർച്ചയിൽ ഉൾപ്പെട്ടത്. മന്ത്രി മുരളീധരനെയും ഒപ്പമുള്ള സംഘത്തിനും ഷെയ്ഖ് തലാൽ അൽ ഖാലിദ് ഊഷ്മളമായ സ്വീകരണണാണ് ഒരുക്കിയത്. അംബാസഡർ സമീഹ് ജോഹർ ഹയാത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളതയെ കുറിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ഊന്നിപ്പറഞ്ഞു. യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങളെ കുറിച്ച് മികച്ച അഭിപ്രായമാണ് കേന്ദ്ര മന്ത്രി വി മുരളീധരനും പങ്കുവെച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഏകോപനത്തിന്റെയും സഹകരണത്തിന്റെയും മേഖലകൾ വിപുലീകരിക്കുന്നതിൽ ഈ ചർച്ചകൾ നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ശക്തമായ പങ്കാളിത്തത്തിന് വഴിയൊരുക്കുന്നതിന് ചർച്ച പ്രാധാന്യം നൽകി. തുടർന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹ് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെന്ററി കാര്യ സഹമന്ത്രിയുമായ വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനിൽ വിജയകരമായി ഇറക്കിയതിന് ഇന്ത്യൻ ജനതയ്ക്കും സർക്കാരിനും കുവൈത്ത് നേതൃത്വത്തിന്റെ അഭിനന്ദനങ്ങൾ കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി അറിയിച്ചു.

Related News