ഈ വർഷം കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടത് 25,000 പ്രവാസികൾ

  • 26/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് നിയമലംഘനങ്ങൾക്ക് അറസ്റ്റിലാകുന്ന പ്രവാസികളെ നാടുകടത്തുന്ന പ്രക്രിയയുടെ വേ​ഗം കൂട്ടി കുവൈത്ത്. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അതിവേ​ഗം കർശന നടപടികൾ തുടരുന്നത്. റെസിഡൻസി നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, പൊതുതാൽപ്പര്യം കണക്കിലെടുത്ത് അഡ്മിനിസ്ട്രേഷൻ തീരുമാനപ്രകാരം എന്നിങ്ങനെ വിവിധ കാരണങ്ങളാലാണ് നാടുകടത്തുന്നത്. 

ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. അതായത് പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. താമസ, തൊഴിൽ നിയമങ്ങൾ, മയക്കുമരുന്ന് ദുരുപയോഗം, കച്ചവടം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായ പ്രവൃത്തികൾ തുടങ്ങിയ വിവിധ കാരണങ്ങൾക്കാണ് ഇവരെ നാടുകടത്തിയിട്ടുള്ളത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്മിനിസ്ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. 

ഒളിവിൽ കഴിയുന്ന 100,000 നിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ നിയമലംഘകരിൽ നിന്നും രാജ്യത്തെ ശുദ്ധീകരിക്കാനുള്ള സമഗ്രമായ നീക്കത്തിന്റെ ഭാ​ഗമായി ഇവരെ അറസ്റ്റ് ചെയ്യുന്നതിന് തീവ്രമായ പരിശോധന ക്യാമ്പയിനുകൾ ആരംഭിക്കും. 2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡസൻ കണക്കിന് മയക്കുമരുന്ന് പ്രൊമോട്ടർമാരെയും ഉപയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related News