കുവൈത്തിൽ നിന്ന് മടങ്ങുന്ന പ്രവാസികൾ വൈദ്യുതി, ജല കുടിശ്ശികകൾ അടയ്ക്കണം; ന‌ടപടി തുടങ്ങി

  • 02/09/2023


കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന് നൽകാനുള്ള കുടിശ്ശികയുള്ള കടങ്ങൾ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനം നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. സെപ്റ്റംബർ ഒന്ന് മുതലാണ് നടപടികൾ സ്വീകരിച്ച് തുടങ്ങിയത്. രാജ്യം വിടുന്നതിന് മുമ്പ് വിദേശ പൗരന്മാർ വരുത്തിയിട്ടുള്ള കുടിശ്ശികകൾ തിരിച്ചു പിടിക്കുന്നതിന് ഏജൻസികൾ തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യം ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് ഊന്നിപ്പറഞ്ഞിരുന്നു.

ആഭ്യന്തര മന്ത്രിയുടെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് നിന്ന് പുറപ്പെടാൻ ഉദ്ദേശിക്കുന്ന എല്ലാ വിദേശ പൗരന്മാരും, പുറപ്പെടാനുള്ള കാരണം പരിഗണിക്കാതെ തന്നെ കുടിശ്ശികയുള്ള വൈദ്യുതി, ജല ബില്ലുകൾ തീർപ്പാക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. വൈദ്യുതി - ജല മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴിയോ സഹൽ ആപ്ലിക്കേഷൻ വഴിയോ ലഭ്യമായ ഇലക്ട്രോണിക് പേയ്‌മെന്റ് ചാനലുകൾ വഴിയോ കുടിശ്ശികകൾ അടയ്ക്കാനാകും.

Related News