പൊലിഞ്ഞത് രണ്ട് പേരുടെ ജീവൻ; വാഹനാപകട കേസിലെ പ്രതിക്ക് ജാമ്യം നൽകാതെ കുവൈറ്റ് കോടതി

  • 07/09/2023


കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം രാജ്യത്തെ നടുക്കിയ വാഹാപകടത്തിന് കാരണക്കാരിയായ ഫാഷനിസ്റ്റയ്ക്ക് ജാമ്യം നൽകാതെ കോടതി. ഓ​ഗസ്റ്റ് 24 വ്യാഴാഴ്ച പുലർച്ചെ അൽ സൂർ സ്ട്രീറ്റിന്റെയും കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിന്റെയും ജംഗ്ഷനിൽ നടന്ന ദാരുണമായ ട്രാഫിക് അപകടത്തിന് ഉത്തരവാദിയായ യുവതിക്കാണ് ജാമ്യം അനുവദിക്കാതിരുന്നത്. അപകടത്തിൽ രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടുകയും ഇവർക്കൊപ്പം യാത്ര ചെയ്ത മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

കേസ് പരിഗണിക്കുന്നതിനായി സെപ്റ്റംബർ 14ലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പ്രതിയായ യുവതി തനിക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ചതായി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഏതെങ്കിലും വ്യവസ്ഥകൾ ഏർപ്പെടുത്തി യുവതിക്ക് ജാമ്യം അനുവദിക്കണമെന്നുള്ള പ്രതിഭാഗം അഭിഭാഷകരുടെ ടീമിന്റെ അഭ്യർത്ഥനകൾ കോടതി തള്ളുകയായിരുന്നു. നരഹത്യ, അബദ്ധത്തിൽ പരിക്കേൽപ്പിക്കൽ, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കൽ, അമിതവേഗത തുടങ്ങിയ പത്തോളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related News