കുവൈത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ തിരികെ ഇന്ത്യയിലെത്തി

  • 09/09/2023



കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുങ്ങിയ ഇരുപതോളം ഇന്ത്യൻ തൊഴിലാളികള്‍ തിരികെ ഇന്ത്യയിലെത്തി.  ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് തൊഴിലാളികളെ തിരികെ നാട്ടിലെത്തിച്ചത്. കുവൈത്തിലെ ഒരു കമ്പനിയിൽ ശുചീകരണത്തൊഴിലാളികളായി കുറഞ്ഞ ശമ്പളത്തിൽ താമസ സൗകര്യവും ഭക്ഷണവുമില്ലാതെയാണ് ഈ തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. 

കുവൈത്തിലേക്ക് വരുന്നതിന് ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്റുമാർക്ക് അവർ വലിയൊരു തുക സർവീസ് ചാർജായും നൽകിയിരുന്നു. ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനുശേഷം റെസിഡൻസി പുതുക്കുന്നതിന് അധിക തുക നൽകാൻ കമ്പനി ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ വഷളായത്. ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്ക് പോലും കാര്യമായ വരുമാനവും സമ്പാദ്യവുമില്ലാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയായിരുന്നു. 

കമ്പനി ആവശ്യപ്പെട്ടത് പോലെ പണം നൽകാനും അവര്‍ക്ക് സാധിക്കാത്ത അവസ്ഥയായിരുന്നു. ഇവരുടെ റെസിഡൻസി റദ്ദാക്കി തിരിച്ചയക്കാനും പാസ്‌പോർട്ട് തിരിച്ച് നല്‍കണമെന്നുമുള്ള അപേക്ഷയും കമ്പനി നിരസിച്ചു. തുടര്‍ന്ന് ഇന്ത്യൻ സമൂഹത്തിലെ നിരവധി പേര്‍ സഹായിച്ചതോടെ വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയില്‍ എത്തുകയായിരുന്നു. എംബസി ബന്ധപ്പെട്ട കുവൈത്ത് അതോറിറ്റികളെ വിവരം അറിയിച്ച ശേഷം തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

Related News